കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്; വായു അപായരേഖ തൊട്ടതായി കണ്ടെത്തല്‍
കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി കണ്ടെത്തിയത്. നല്ല ആരോഗ്യമുള്ളവരിൽ പോലും ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കാവുന്ന അവസ്ഥയാണ് നിലവിൽ കൊച്ചിയിലുള്ളത്.
ഞായറാഴ്ച രാത്രി 10മണിക്ക് പി.എം 2.5ന്റെ മൂല്യം 441, അതായത് ഏറ്റവും ഗുരുതരമായ അളവിൽ ആണെന്ന് കണ്ടെത്തി. വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള പരിശോധനാ റിപ്പോർട്ടിലാണിത്. കൊച്ചിയിലെ അന്തരീക്ഷ വായുവിൽ ഞായറാഴ്ച രാത്രി പി.എം 2.5ന്റെ ശരാശരി മൂല്യം 182 ആയിരുന്നു. ഏറ്റവും കുറഞ്ഞ മൂല്യം 48ഉം കൂടിയത് 441ഉം ആയിരുന്നു. ഇതിന് സമാനമായി പി.എം 10ന്റെ അളവും ഉയർന്നു. ഇത് 333 വരെ ഉയർന്നു. പി.എം 10ന്റെ ശരാശരി മൂല്യം 131 ആയിരുന്നു. കുറവ് 57ഉം.
1.5 മൈക്രോമീറ്റർ താഴെ വ്യാസമുള്ള അതായത് ഒരു തലമുടിനാരിനെക്കാൾ ഏകദേശം 100 മടങ്ങ് കനംകുറഞ്ഞ കണങ്ങളാണ് പി.എം 2.5 ശ്വാസകോശത്തിൽ ആഴത്തിൽ കടന്നുചെല്ലാൻ കഴിയുന്ന വായുവിലെ മലിനകണങ്ങളാണിവ. പി.എം 2.5, പി.എം 10 എന്നിവയുടെ തോത് അനുസരിച്ചാണ് ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണമളക്കുന്നത്. പി.എം 2.5 401നും 500നും ഇടയിലാണെങ്കിൽ അപായകരമായ സ്ഥിതിയാണ്.