കുരങ്ങുവസൂരി ബാധിച്ച് മരണം; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

ചാവക്കാട്: ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസ് മങ്കിപോക്സ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഹാഫിസിന്‍റെ വീട് സ്ഥിതി ചെയ്യുന്ന കുരഞ്ഞിയൂർ വാർഡിലും പുന്നയൂർ പഞ്ചായത്തിലെ ആറാം വാർഡിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ മങ്കിപോക്സ് ലക്ഷണങ്ങൾ കാണിച്ചാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേസമയം, ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും കുടുംബം മങ്കിപോക്സ് ഫലം മറച്ചുവെച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല അന്വേഷണം തുടരുകയാണ്. 22 ന് പുലർച്ചെ കരിപ്പൂരിലെത്തിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27നാണ് ചികിത്സ തേടിയത്. 30ന് പുലർച്ചെ മരിച്ച ശേഷം സ്രവം ആലപ്പുഴയിലേക്കും തുടർന്ന് പൂനെയിലെ വൈറോളജി ലാബിലേക്കും അയച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More