കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ്; രണ്ട് വർഷ കരാറിൽ ടീമിലേക്ക് വരുന്നത് സൂപ്പർ താരം, ഇനി ടീം വേറെ ലെവലാകും
അടുത്ത സീസൺ ലക്ഷ്യം വെച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) വിദേശ സൂപ്പർ താരവുമായി കരാർ കാര്യത്തിൽ മഞ്ഞപ്പട (Manjappada) ധാരണയിൽ എത്തിയതായി സൂചന.
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) 2023-24 സീസണിന്റെ രണ്ടാം ഘട്ടത്തിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). സീസണിന്റെ ഒരു സമയത്ത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായിരുന്ന മഞ്ഞപ്പട (Manjappada) ഈ വർഷം കളിച്ച ആറ് കളികളിൽ അഞ്ചിലും തോറ്റതോടെയാണ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോളത്തെ ഫോമിൽ വിഷമിച്ചിരിക്കുന്ന ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2024-25 സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ മഞ്ഞപ്പട ആരംഭിച്ചെന്നും ഒരു വിദേശ താരവുമായി കരാർ കാര്യത്തിൽ മഞ്ഞപ്പട ധാരണയിൽ എത്തിയെന്നുമാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. നിലവിൽ ഐ എസ് എല്ലിലെ ഒരു പ്രധാന ടീമിൽ കളിച്ചുകൊണ്ടിരിക്കുന്ന വിദേശ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചുന്നത്.
2022-23 സീസൺ മുതൽ എഫ് സി ഗോവയ്ക്കായി കളിക്കുന്ന മൊറോക്കൻ താരം നോഹ സദൗയിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കരാർ കാര്യത്തിൽ ധാരണയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം സദൗയിയും ബ്ലാസ്റ്റേഴ്സും തമ്മിൽ കരാർ കാര്യത്തിൽ ധാരണയിൽ എത്തിയെന്നും രണ്ട് വർഷ കരാറാണ് താരം മഞ്ഞപ്പടയുമായി ഒപ്പുവെക്കുക എന്നുമാണ് ദി ബ്രിഡ്ജ് പുറത്ത് വിടുന്ന റിപ്പോർട്ട്. സീസൺ അവസാനിക്കുന്നതിന് ശേഷം കരാർ കാര്യം മഞ്ഞപ്പട ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന