ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് വമ്പൻ നാണക്കേട്, കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; കിരീട സ്വപ്നം അവസാനിപ്പിക്കാം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ടീമിന് അപ്രതീക്ഷിത പരാജയം. ഈ തോൽവി നൽകുന്നത് എട്ടിന്റെ പണി. അൽ നസർ എഫ്സിക്ക് (Al Nassr FC) മുന്നിൽ ഇനിയെന്ത്?
സൗദി പ്രോ ലീഗ് (Saudi Pro League) മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി നേരിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ടീമായ അൽ നസർ എഫ്സി (Al Nassr FC). കിടിലൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കളിയിൽ ദുർബലരായ അൽ റീഡ് എഫ്സിയാണ് ക്രിസ്റ്റ്യാനോയേയും സംഘത്തെയും നാണം കെടുത്തിയത്. സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന കളിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ അലാമി എന്നറിയപ്പെടുന്ന അൽ നസറിന്റെ തോൽവി. ഈ സീസണിൽ ജയമില്ലാതെ അൽ നസർ കളിക്കുന്ന തുടർച്ചയായ മൂന്നാമത്തെ മത്സരമാണിത്.
സൗദി പ്രോ ലീഗിൽ കിരീട സാധ്യതകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ അൽ നസർ കളി മറന്നത് ആരാധകരെ പാടേ നിരാശരാക്കിക്കഴിഞ്ഞു. അൽ അലാമിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ എതിരാളികൾ മുന്നിലെത്തി. കരിം എൽ ബെർകോയായിരുന്നു അൽ റീഡിന്റെ ഗോൾ നേടിയത്. ആറ് മിനിറ്റുകൾക്ക് ശേഷം അയ്മൻ യഹ്യയിലൂടെ ഗോൾ മടക്കി അൽ നസർ മത്സരം സമനിലയിലാക്കി.
46-ം മിനിറ്റിൽ മൊഹമ്മദ് ഫൗസെർ നേടിയ ഗോളിൽ വീണ്ടും ലീഡെടുത്ത അൽ റീഡ്, 87-ം മിനിറ്റിൽ ആമിർ സയുദ് നേടിയ ഗോളിൽ 3-1 ന് മുന്നിലെത്തി ജയവും ഉറപ്പിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടുന്നതിന് അരികിലെത്തി. എന്നാൽ പന്ത് ബാറിലിടിച്ച് പുറത്തേക്ക് പോവുകയായിരുന്നു.