ലോക ഫുട്ബോളിൽ മറ്റാർക്കും സാധിക്കാത്ത ആ അപൂർവനേട്ടവും സ്വന്തമാക്കി റൊണാൾഡോ; ചർച്ചയായി പുത്തൻ ഗോൾ ആഘോഷം
ഗോളടിച്ചതിന് ശേഷം പുത്തൻ ആഘോഷം നടത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അൽ നസർ എഫ്സി (Al Nassr FC) നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിൻെറ ആദ്യപാദ മത്സരത്തിൽ വിജയശിൽപിയും താരം തന്നെ
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നടത്തിയ മത്സരം സമനിലയിൽ കലാശിക്കുമെന്ന തരത്തിലാണ് മുന്നോട്ട് പോയത്. എന്നാൽ 81ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണൾഡോ ഗ്യാലറിയിലെ അൽ നസർ എഫ്സി ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ഗോളടിച്ചു. ഒരൊറ്റ ഗോളിന് മത്സരത്തിൽ റൊണാൾഡോയും കൂട്ടരും വിജയം നേടുകയും ചെയ്തു.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ഈ ഒന്നാം പാദ മത്സരത്തിലെ വിജയം ക്ലബ്ബിൻെറ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. രണ്ടാം പാദ മത്സരത്തിൽ ഇനി സമനില പിടിച്ചാൽ പോലും ടീമിന് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്യാം. മധ്യനിര താരം മാഴ്സെലോ ബ്രോസോവിച്ച് നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് റോണോയുടെ 2024ലെ ആദ്യഗോൾ വന്നിരിക്കുന്നത്.
ഗോളടിച്ചതിന് ശേഷം താരം നടത്തിയ ആഘോഷം വലിയ ചർച്ചയായി മാറുകയാണ്. ഗോൾ ആഘോഷത്തിൻെറ കാര്യത്തിലും ലോക ഫുട്ബോളിൽ വലിയ ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിൻെറ പ്രസിദ്ധമായ സൂ ആഘോഷം യുവതാരങ്ങളടക്കം ഇപ്പോഴും ചെയ്യുന്നതാണ്. ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റ് അടക്കമുള്ള മറ്റ് കായിക ഇനങ്ങളിലും ആരാധകർ ക്രിസ്റ്റ്യാനോയുടെ സൂ ആഘോഷത്തെ അനുകരിക്കാറുണ്ട്.