അത്ഭുത ഗോളിന് ശ്രമിച്ച് ലയണൽ മെസി, കരിയറിൽ ഇതുവരെ നേടിയിട്ടില്ലാത്ത ഗോളിന് അരികിൽ; സംഭവം ഇന്റർ മയാമിക്കായി കളിക്കുമ്പോൾ
2024 മേജർ ലീഗ് സോക്കർ ( എം എൽ എസ് ) പോരാട്ടത്തിനു മുന്നോടിയായുള്ള ഒരുക്കത്തിലാണ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ (Lionel Messi) ഇന്റർ മയാമി (Inter Miami). 2024 മേജർ ലീഗ് സോക്കർ സീസൺ ഫെബ്രുവരി 21 മുതൽ ഒക്ടോബർ 19 വരെയാണ്. ലീഗ് റൗണ്ടിനു ശേഷം ഒക്ടോബർ മുതൽ ഡിസംബർ ഏഴ് വരെയായി പ്ലേ ഓഫ് പോരാട്ടങ്ങളും അരങ്ങേറും
2018 ൽ സ്ഥാപിതമായ ഇന്റർ മയാമിക്ക് ഇതുവരെ എം എൽ എസ് ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമി ലയണൽ മെസി അടക്കമുള്ള വമ്പൻ താരങ്ങളെ ഇറക്കി കന്നി എം എൽ എസ് കിരീടത്തിനായുള്ള ശ്രമത്തിലാണ്. 2024 സീസണിനു മുമ്പ് ഉറുഗ്വെൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് അടക്കമുള്ള കളിക്കാരും ഇന്റർ മയാമിയിലേക്ക് എത്തിയിട്ടുണ്ട്. 2024 എം എൽ എസ് സീസണിനു മുമ്പായുള്ള സൗഹൃദ സന്നാഹ മത്സരങ്ങളിലും ടൂറിലുമാണ് ഇന്റർ മയാമി.
2023 ജൂലൈ പകുതിയോടെയാണ് ലയണൽ മെസി ഇന്റർ മയാമിയിലേക്ക് എത്തിയത്. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യിൽ നിന്ന് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ഇന്റർ മയാമിയിൽ എത്തിയ ലയണൽ മെസി, ടീമിനെ കന്നിക്കിരീടത്തിൽ എത്തിച്ചു എന്നതും ശ്രദ്ധേയം. 2023 ലീഗ്‌സ് കപ്പിൽ ഇന്റർ മയാമി മുത്തം വച്ചു. ക്ലബ് ചരിത്രത്തിലെ ആദ്യ ട്രോഫി ആയിരുന്നു അത്. 10 ഗോളുമായി ഇന്റർ മയാമിയെ ചാമ്പ്യന്മാരാക്കിയത് ലയണൽ മെസി ആയിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസിക്ക് ലഭിച്ചു.