തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

പൂര ആരാധകരെ ആനന്ദലഹരിയില്‍ ആറാടിക്കാന്‍ തൃശ്ശൂരില്‍ ഇന്ന് സാമ്പിള്‍ വെടിക്കെട്ട്. ഇന്ന് വൈകിട്ട് 7 ന് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്ന് വിസ്മയത്തിന് തുടക്കമിടും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടും നടക്കുക. ഇത്തവണ സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. മഴ മാറി നില്‍ക്കുമെന്ന വിശ്വാസത്തിലാണ് പൂരപ്രേമികളും ദേവസ്വം അധികൃതരും.

നേരത്തെ പൂരത്തോട് അനുബന്ധിച്ച് പ്രദേശത്ത് ഹെലികോപ്ടർ, ഡ്രോൺ, ലേസർ ഗൺ തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൂരം നടക്കുന്ന ഏപ്രിൽ 28,29,30,മെയ് 1 തീയതികളിലാണ് നിരോധനം. ഹെലികോപ്റ്റർ, ഹെലി ക്യാം, എയർ ഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായി നിരോധിച്ചു.

ആനകളുടെയും മറ്റും കാഴ്ചകൾ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എനിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കണം. ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണം. അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രേവേശിപ്പിക്കരുത് എന്നും മുന്നറിയിപ്പുണ്ട്.

അതേസമയം തൃശൂർ പൂരത്തിന്റെ മുന്നോടിയായി റവന്യൂ വകുപ്പ് മന്ത്രി കെ രാജനും തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജയും ഘടകക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. കണിമംഗലം ക്ഷേത്രത്തിൽ നിന്നായിരുന്നു സന്ദർശനം ആരംഭിച്ചത്. തുടർന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ഭഗവതി ക്ഷേത്രം, മുതുവറ ചൂരക്കോട്ട്കാവ് ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും മന്ത്രിയും സംഘവും സന്ദശനം നടത്തി ഭാരവാഹികളുമായി ഒരുക്കങ്ങൾ വിലയിരുത്തി. എല്ലായിടത്തും ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

ഇതിനിടെ പൂര പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തും. പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ടാണ് പൂരദിവസം രാമചന്ദ്രനെ  ഇറക്കാനുള്ള നീക്കം നടത്തിയത്.

അതേസമയം തൃശൂര്‍ പൂര വിളംബരത്തിന് എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാര്‍ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് ഇക്കൊല്ലം വീണ്ടും തിടമ്പ് നല്‍കാന്‍ ആവശ്യപ്പെട്ട് കൊമ്പന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.  ഇത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നല്‍കിയത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More