വന്ദേ ഭാരത് പശുവിനെ ഇടിച്ചു, മുന്‍ ഭാഗം തകര്‍ന്നു, ബോണറ്റ് തുറന്നു; സംഭവം ഭോപ്പാലില്‍

രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഗ്വാളിയോറില്‍ വെച്ച് പശുവിനെ ഇടിച്ചാണ് അപകടമുണ്ടായത്. പശു ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ബോണറ്റ് തുറന്ന് മുന്‍ഭാഗം തകര്‍ന്നു. വൈകുന്നേരം 6:15 ഓടെയാണ് സംഭവം.

അപകടത്തിന് ശേഷം ട്രെയിന്‍ ഗ്വാളിയോറിലെ ദാബ്ര സ്റ്റേഷനില്‍ ഏകദേശം 15 മിനിറ്റോളം നിര്‍ത്തിയിട്ടു. അതേ സമയം ട്രെയിൻ കാണാന്‍ ചുറ്റും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. റെയില്‍വേയുടെ ടെക്നിക്കല്‍ സ്റ്റാഫ് സ്റ്റേഷനില്‍ തന്നെ ബോണറ്റ് ശരിയാക്കി ട്രെയിന്‍ യാത്ര തുടര്‍ന്നു. ഏപ്രില്‍ 1 ന് ഭോപ്പാലില്‍ നിന്ന് മധ്യപ്രദേശിലേക്കുള്ള ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഭോപ്പാലിലെ റാണി കമലപതി സ്റ്റേഷനില്‍ നിന്ന് ന്യൂഡല്‍ഹി സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ 7 മണിക്കൂറും 50 മിനിറ്റും എടുക്കും.

ഇതാദ്യമായല്ല വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെടുന്നത്. ട്രെയിനില്‍ കന്നുകാലികള്‍ കൂട്ടിയിടിച്ച സംഭവങ്ങളില്‍ റെയില്‍വേ ഭരണകൂടം ആശങ്കാകുലരാണ്. റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചും പുതിയ അതിവേഗ ട്രെയിനുകള്‍ ആരംഭിച്ചും വലിയ മാറ്റത്തിനാണ് റെയില്‍വേ പരിശ്രമിക്കുന്നത്. ഭാവിയില്‍ ഇന്ത്യയിലുടനീളം 400 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ 1600 കോച്ചുകള്‍ മറാത്ത്വാഡ റെയില്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇവ ഓരോന്നിനും എട്ട് മുതല്‍ ഒമ്പത് കോടി രൂപ വരെ വില വരും. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പരമാവധി 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More