സംസ്ഥാനത്ത് എഐ ക്യാമറകൾ ഇന്ന് മുതൽ നിലവിൽ വരും

ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുന്നതിനു സംസ്ഥാന ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഐ ക്യാമറ വഴിയുള്ള പിഴ ശിക്ഷ ഇന്ന് മുതൽ നിലവിൽ വരും. ദേശീയ, സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണു നിയമലംഘനം കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണു നടപ്പാക്കുക.

അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിനു 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. പരിശോധനക്കായി എല്ലാ ജില്ലയിലും കൺട്രോൾ റൂമുകളും വരും.

സർക്കാരിന് ഇതിലൂടെ കോടിക്കണക്കിനു രൂപ പിഴ ഇനത്തിൽ ലഭിക്കുമെന്നു മന്ത്രിസഭ വിലയിരുത്തി. റോഡുകളിലെ മഞ്ഞ വര മറികടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ട്. നിലവിലുള്ള തുക തന്നെയാണ് ഈടാക്കുക.

പിഴ സന്ദേശം മൊബൈലിൽ

ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More