തൊടപുഴ: അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന എം സി റോഡിന്റെ സമാന്തര ഗ്രീൻഫീൽഡ് പാതയിലൂടെ തെളിയുന്നത് ഇടുക്കിയേയും തലസ്ഥാനത്തേയും തമ്മിൽ ബന്ധിക്കുന്ന പുതിയ ദേശീയപാത. അതിന് പുറമെ, തീർത്ഥാടകർക്ക് മലയാറ്റൂരിനേയും ഭരണങ്ങാനത്തേയും ബന്ധിപ്പിക്കുമെന്നതാണ് മറ്റൊരു സൗകര്യം.
ആകാശ സർവേ നടത്തിയ ഏജൻസി സമർപിച്ച രൂപരേഖ അനുസരിച്ച് ഇടുക്കി ജില്ലയിലൂടെ കുറച്ചുമാത്രമാണ് കടന്നുപോകുന്നത്. എറണാകുളം ജില്ലയിലെ പോത്താനിക്കാട്, കല്ലൂർക്കാടും, കദളിക്കാടും കടന്നാണ് ഇടുക്കി ജില്ലയിലേക്ക് കടന്നത്. മണക്കാട് നിന്നുമാണ് ജില്ലയിൽ എത്തുന്ന ദേശീയ പാത തൊടുപുഴ നഗരത്തിലേക്ക് കടക്കാതെ പുറത്തുകൂടി ചിറ്റൂർ – പുതുപ്പരിയാരം റോഡിലൂടെയാണ് തെക്കോട്ട് നീങ്ങുന്നത്. പലപ്പോഴും നിലവിലെ റോഡിനുള്ള വളവുകൾ നിവർത്തിയാണ് മുന്നോട്ട് പോകുന്നത്.
നെടിയശാല പ്രധാന ജംഗ്ഷന് ഇടത്തുമാറി പുതിയൊരു പാതയായാണ് ഇത് കടന്നുപോകുന്നത്. പിന്നീട്, ഇത് ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി നീങ്ങി പുറപ്പുഴ നെടിയശാല റോഡിലേക്ക് എത്തുകയും ചെയ്യും. പുറപ്പുഴ കവലയ്ക്ക് ഇടതുമാറിയാണ് ദേശീയപാത കടന്നുപോകുന്നത്. കുമരകം കമ്പം റോഡിന് സമാന്തരമായാണ് പോകുന്നത്. പുറപ്പുഴയിൽ നിന്നും കരിങ്കുന്നം നഗരത്തിലേക്ക് വളഞ്ഞു കടക്കാതെ കമുകിൻതോട്ടം നെല്ലാപ്പാറ റോഡിലൂടെ പാലാ – തൊടുപുഴ റോഡിലേക്കാണ് വന്നുകയറുന്നത്. നെല്ലാപ്പാറയിൽ നിന്നും ദേശീയ പാത കോട്ടയം ജില്ലയിലേക്ക് കടക്കുകയും ചെയ്യും. അതേസമയം, ഭൂതല സർവേ വരുമ്പോൾ ഇതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.