കൂടുതല്‍ ദിവസങ്ങളില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്. അതേ അളവില്‍ കൂടുതല്‍ ദിവസങ്ങളില്‍ നല്‍കാന്‍ കഴിയണം. പരിശ്രമിച്ചാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും നല്‍കാനാകും. അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി പാലും മുട്ടയും നല്‍കണം. കുട്ടികള്‍ക്കായതിനാല്‍ നാട്ടില്‍ തന്നെ സഹായിക്കാന്‍ സന്നദ്ധരായി ധാരാളം പേരുണ്ടാകും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാലില്‍ ലാഭം കാണാന്‍ നോക്കരുത്. മില്‍മയ്ക്കും സഹായിക്കാനാകും. സുതാര്യതയോടെ ആക്ഷേപത്തിന് ഇടനല്‍കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസവും മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബാല്യകാലത്താണ് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അടിത്തറയിടേണ്ടത്. ഇതിനു പോഷകാഹാര ലഭ്യത ഉറപ്പാക്കുകയെന്നതു പ്രധാനമാണ്. 2019ല്‍ യുനിസെഫ് നടത്തിയ പഠന പ്രകാരം രാജ്യത്ത് പോഷകാഹാര ലഭ്യതയില്‍ കേരളമാണു മുന്നില്‍. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 6.4 ആണ്. എന്നാല്‍ കേരളത്തില്‍ 32.6 ആണ്. ഇത് ഇനിയും മെച്ചപ്പെടുത്തുകയാണ് പ്രധാനം. കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരം കൃത്യമായി ഉറപ്പാക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അംഗന്‍വാടികള്‍ സ്മാര്‍ട്ടാക്കുക, കുട്ടികള്‍ക്കു പോഷകാഹാരം ഉറപ്പാക്കുക, സമൂഹത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കല്‍, അവ തടയന്ന നടപടികള്‍ കര്‍ശനമാക്കുക എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു ശിശു സൗഹൃദ സംസ്ഥാനം വാര്‍ത്തെടുക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് വനിത ശിശുവികസന വകുപ്പ് നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് അങ്കണവാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതി നടപ്പിലാക്കിയത്. 204 അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളായി മാറ്റാനുള്ള ഭരണാനുമതി നല്‍കി. രണ്ടെണ്ണം യാഥാര്‍ത്ഥ്യമാക്കി. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ സാധ്യമാകും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാരന്റിംഗ് ക്ലിനിക് ആരംഭിച്ചു. കോവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്നു മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ ദിനാചരണമാണ്. അമ്മമാരുമായി ഏറ്റവുമധികം ഇടപെടുന്നത് അങ്കണവാടി പ്രവര്‍ത്തകരാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാ അങ്കണവാടി പ്രവര്‍ത്തകരും അമ്മമാരെ ബോധവത്ക്കരിക്കണം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനമാണ്. ജനിച്ച് ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുകയും വേണം. സ്ത്രീകളിലെ അനീമിയ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി. പ്രിയങ്ക, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണണ്‍ പ്രൊഫ. വികെ രാമചന്ദ്രന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മില്‍മ മാനേജിഗ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More