എന്തുകൊണ്ട് ബിജെപി തിരുവനന്തപുരത്ത് സർപ്രൈസ് സ്ഥാനാർഥിയെ തേടുന്നു? ശോഭന വരുമോ?
കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും 3.16 ലക്ഷം വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പരിവാർ പ്രസ്ഥാനങ്ങളുടെ മുഖമായ കുമ്മനം രാജശേഖരനാണ് അത്രയും വോട്ട് ലഭിച്ചത് എന്നതും ശ്രദ്ധേയം. ഈയൊരു സാഹചര്യത്തിലാണ് 2024ലെ തെരഞ്ഞെടുപ്പിനുള്ള തന്ത്രം മെനയാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
ഒരു ഇടവേളയ്ക്കുശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള അവസാനവട്ട ചർച്ചയിലാണ് സംസ്ഥാനത്തെ പ്രബലരായ മൂന്ന് ദേശീയ പാർട്ടികളുടേയും നേതൃത്വം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ലെങ്കിലും എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ സ്ഥാനാർഥികളെ ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞു.
ഇതോടെയാണ് അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർഥികളെ കുറിച്ചുള്ള ആകാംക്ഷ വർധിക്കുന്നത്. സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിലാണ്, ആഞ്ഞുപിടിച്ചാൽ വിജയിച്ചു കയറിവരാമെന്ന പ്രതീക്ഷ ബിജെപി നേതൃത്വം വെച്ചുപുലർത്തുന്നത്. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമാകുന്നത് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരുമാണ്. സിനിമാതാരം സുരേഷ് ഗോപി തൃശൂരിൽ സീറ്റ് ഉറപ്പിച്ചതോടെ തിരുവനന്തപുരത്ത് സർപ്രൈസ് സ്ഥാനാർഥി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ആകാംക്ഷ.