മാറി ചിന്തിച്ച് ടാറ്റ; കൂടുതൽ ട്രാൻസ്ജെൻഡറുകൾക്ക് നിയമനം
ട്രാൻസ്ജൻഡറുകൾക്ക് കൂടുതൽ തൊഴിൽ നിയമനവുമായി ടാറ്റ സ്റ്റീൽ. ട്രാൻസ്ജൻഡറുകളെ മുഖ്യാധാരയിലേക്ക് ഉയർത്തേണ്ടതിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞാണ് നടപടി എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ടാറ്റ സ്റ്റീൽ കമ്പനിയിൽ ഇനി കൂടുതൽ ട്രാൻസ് ജൻഡറുകൾക്ക് ജോലി ചെയ്യാം. വീണ്ടും ഈ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കമ്പനി. 2022 ഫെബ്രുവരിയിൽ ആണ് ആദ്യമായി, ഒഡീഷയിലെ കലിംഗനഗർ പ്ലാൻ്റിൽ ട്രാൻസ്ജെൻഡറുകളായ 12 ക്രെയിൻ ഓപ്പറേറ്റർ ട്രെയിനികളെ ഉൾപ്പെടുത്തിക്കൊണ്ട് ടാറ്റ സ്റ്റീൽ പുതിയ മാറ്റത്തിന് തുടക്കമിട്ടത്.ഇതിന് ശേഷം ഇപ്പോൾ കൂടുതൽ ട്രെയിനികളെ ക്ഷണിച്ചിരിക്കുകയാണ് കമ്പനി.
ഒരു പ്രമുഖ ആഗോള സ്റ്റീൽ കമ്പനി എന്ന നിലയിൽ, സമൂഹത്തിലെ പരമ്പരാഗത ചട്ടപ്പൂട്ടുകൾ തകർത്ത് ട്രാൻസ്‌ജെൻഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻ്റെ പ്രാധാന്യം ടാറ്റ സ്റ്റീൽ തിരിച്ചറിയുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവന. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക അഭിമുഖങ്ങളും ഉണ്ടാകും.
ഇംഗ്ലീഷിലോ ഐടിഐയിലോ മെട്രിക്കുലേഷൻ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കുൾപ്പെടെ അപേക്ഷിക്കാം. അല്ലെങ്കിൽ എഐസിടിഇ അല്ലെങ്കിൽ യുജിസി അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ഡിപ്ലോമ മതിയാകും. ഏതെങ്കിലും വിഷയത്തിൽ ബിഇ/ബി ടെക്ക് ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കായി എഴുത്ത് പരീക്ഷയും അഭിമുഖവും സംഘടിപ്പിക്കും.