എനിക്ക് സ്‌കോച്ച് അടിക്കണം, റം അടിക്കണം, വാള് വയ്ക്കണം, ഞാന്‍ മൊത്തം തിരക്കിലാണ് എന്ന് പ്രണവ്; ഇത് മെലിഞ്ഞ മോഹന്‍ലാല്‍ തന്നെ എന്ന് ആരാധകര്‍!
അച്ഛനെ മുറിച്ചു വച്ചത് പോലെ പ്രണവ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. പ്രണവിന്റെ പല മാനറിസങ്ങളും മോഹന്‍ലാലിനെ പോലെ തന്നെ രസകരമാണ്
അങ്ങനെ ഒടുവില്‍ ഇതാ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിയ്ക്കുന്നു. ഹൃദയം എന്ന ചിത്രത്തിന് ശേഷം അതേ ടീം കൈ കോര്‍ക്കുന്ന ചിത്രം അതിനെക്കാള്‍ വലിയൊരു വിജയമായിരിക്കും എന്ന ഉറപ്പ് ഒരു മിനിട്ട് 51 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഉറപ്പ് നല്‍കുന്നു. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.
രണ്ട് കാലഘട്ടങ്ങളാണ് ടീസറില്‍ കാണിയ്ക്കുന്നത്. പണ്ട് സിനിമാ മോഹവുമായി മദിരാശിയിലേക്ക് വണ്ടി കയറിയ പലരെയും ടീസറില്‍ കാണാം. ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകളെ കുറിച്ചാണോ, അതോ ആര്‍ട്ടിസ്റ്റുകളുടെ അഭിനയത്തെ കുറിച്ചാണോ ആദ്യ എടുത്തു പറയേണ്ടത് എന്നറിയാത്ത കണ്‍ഫ്യൂഷനിലാണ്. 1950 – 60 മുതല്‍ ഉള്ള കഥയാവണം സിനിമയില്‍ പറയുന്നത്. ആ കാലഘട്ടത്തിലെ മദിരാശി പട്ടണം അത്ര മനോഹരമായി ആര്‍ട്ട് വര്‍ക്ക് ചെയ്തതായി കാണാം. അതിന് കൂടുതല്‍ എഫക്ട് നല്‍കുന്നത് ആ ലൈറ്റിങും, കളറിങും എല്ലാമാണ്.
അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുകയാണ് എന്ന് തോന്നുന്നില്ല. ഇവിടെ അഭിമുഖങ്ങളില്‍ വന്നിരുന്ന് സംസാരിക്കുന്നത് പോലെ, പെരുമാറുന്നത് പോലെ സിനിമയിലേക്ക് എടുത്ത് വച്ചത് പോലെയാണ് തോന്നുന്നത്. ഗെറ്റപ്പില്‍ മാത്രമാണ് ഒരു മാറ്റം. പ്രണവിന്റെ കാര്യം പറയുകയാണെങ്കില്‍ അച്ഛനെ വാര്‍ത്തു വച്ചത് പോലെ പല ഇടങ്ങളിലും ഫീല്‍ ചെയ്യുന്നു. ഇത് മെലിഞ്ഞ ലാലേട്ടന്‍ തന്നെ എന്ന കമന്റുകളാണ് ഇപ്പോള്‍ തന്നെ വന്നുകൊണ്ടിരിക്കുന്നത്. പിന്നെ റൊമാന്റിക് രംഗങ്ങളില്‍ അച്ഛനെ കടത്തിവെട്ടുന്ന പ്രകടനം നടത്തി, ആളുകളില്‍ അത് ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റും എന്ന് ഹൃദയം മുതലേ പ്രണവ് കാണിച്ചു തന്നതാണ്.
കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, നീരജ് മാധവ്, ബേസില്‍ ജോസഫ്, അജു വര്‍ഗ്ഗീസ്, വിനീത്, അശ്വന്ത് ലാല്‍, ഭഗ് മാനുവല്‍ തുടങ്ങിയൊരു നീണ്ട നിര തന്നെ കാണാം. ബോംബെ ജയശ്രീയുടെ മകന്‍ അമൃത് നാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. അമൃത് സംഗീതം നല്‍കുന്ന ആദ്യ ഫീച്ചര്‍ ഫിലീമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിയ്ക്കുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും.