ചൈനയിലെ വിൽക്കൂ ഇന്ത്യയിൽ വാങ്ങൂ’, ട്രേഡിങ് വോളിയത്തിലും ഹോങ്കോങ്ങിനെ മലർത്തിയടിച്ച് ഇന്ത്യൻ കുതിപ്പ്
സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണി മൂല്യത്തിൽ ചൈനയിലെ ഹോങ്കോങ്ങിനെ ഇതിനകം ഇന്ത്യ മറികടന്നിരുന്നു. ഇതിന് പിന്നാലെ ട്രേഡിങ് വോളിയത്തിന്റെ അടിസ്ഥാനത്തിലും ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ എൻഎസ്ഇയും ബിഎസ്ഇയും കടത്തിവെട്ടി. കഴിഞ്ഞ വർഷ കാലയളവിൽ പ്രധാന സൂചികകളുടെ പ്രകടനത്തിലും ഇന്ത്യൻ വിപണിയും സൂചികകളും തന്നെയാണ് നേട്ടത്തിൽ നിൽക്കുന്നത്.
സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വിപണി മൂല്യത്തിൽ, ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യയായ ഹോങ്കോങ്ങിനെ ഇന്ത്യ മറികടന്നത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെ ട്രേഡിങ് വോളിയത്തിലും (ഓഹരി ഇടപാടുകളുടെ എണ്ണം) മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഹോങ്കോങ്ങിനെ മറികടന്നു. കഴിഞ്ഞ ഒരു മാസക്കാലയളവിലെ ശരാശരി പ്രതിദിന ട്രേഡിങ് വോളിയം കണക്കുകളുടെ പിൻബലത്തിലാണ് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ മുന്നേറ്റം.
എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒരു മാസക്കാലയളവിലെ ശരാശരി പ്രതിദിന വോളിയം 1,650 കോടി ഡോളർ (ഏകദേശം 1.36 ലക്ഷം കോടി രൂപ) ആണ്. ഇതേസമയം ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ശരാശരി പ്രതിദിന വോളിയം 1,310 കോടി ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) നിലവാരത്തിലുമാണ് നിൽക്കുന്നത്. കഴിഞ്ഞ 2-3 മാസങ്ങളായി ചൈന, ഹോങ്കോങ് ഓഹരി വിപണികളിൽ ട്രേഡിങ് വോളിയം താഴ്ന്നു വരുമ്പോൾ ഇന്ത്യൻ വിപണിയിലെ ട്രേഡിങ് വോളിയം ഉയരുകയാണെന്നതും ശ്രദ്ധേയം.