നയിക്കാൻ മോദി, 140 പൊതുപരിപാടികളില്‍ പങ്കെടുക്കും; ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ, ഒന്നാംഘട്ട പട്ടികയിൽ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളും
അടുത്തിടെ ഗോവ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. മോദി സര്‍ക്കാരിന്‍റെ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് വിവിധ ഗ്രാമങ്ങളിലായി ‘ഗാവ് ചലോ’ അഭിയാനും ബിജെപി തുടക്കമിട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം നയിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലായി 140 പൊതുപരിപാടികളിൽ മോദി പങ്കെടുക്കും. ലോക്സഭാ മണ്ഡലങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് എല്ലായിടത്തും പ്രധാനമന്ത്രിയെ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. അതേസമയം ബിജെപിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക അടുത്ത ആഴ്ച പുറത്തിറങ്ങും. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പട്ടികയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഏഴുമുതല്‍ എട്ടുവരെ ലോക്‌സഭാ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ബിജെപി പ്രചാരണ പരിപാടികള്‍ നടത്തുക. ഇതിൽ ഓരോ ക്ലസ്റ്ററിലുമെത്തി പുതിയ വികസനപദ്ധതികള്‍ മോദി പ്രഖ്യാപിക്കും. റാലികൾ, പൊതുസമ്മേളളനങ്ങൾ, റോഡ് ഷോ തുടങ്ങിയ പരിപാടികളും മോദിയുടെ പ്രചാരണത്തിന്‍റെ ഭാഗമാകും.