നിര്‍ബന്ധിച്ച് ഷോട്‌സ് ധരിപ്പിച്ചു, പോസ്റ്റര്‍ അടിച്ചു വന്നതോടെ ജീവിതം തകര്‍ന്നതുപോലെ തോന്നി; ഇവളിങ്ങനെ തന്നെയാ, ദുബായില്‍ വച്ച് കണ്ടിരുന്നു എന്നൊക്കെ പറഞ്ഞത് വേദനിപ്പിച്ചു

ശാലു കുര്യന്‍ ഒരു ഷോട്‌സ് ധരിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ വൈറലായിരുന്നു. അതിന്റെ പേരില്‍ ഇന്നും നടിയെ അപമാനിക്കാന്‍ ശ്രമിയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലുണ്ട്. അതിന് പിന്നിലെ സത്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണിപ്പോള്‍ ശാലു കുര്യന്‍.

ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ശാലു കുര്യന്‍ എന്ന നടി പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായി വന്ന് പിന്നീട് കോമഡി റോളുകളിലേക്കും സജീവമായ നടി ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. രണ്ട് മക്കളൊക്കെയായി, അവരുടെ കാര്യങ്ങളൊക്കെ നോക്കി തിരക്കുകളിലാണ്. അതുകൊണ്ട് ഇപ്പോള്‍ കുറച്ച് സെലക്ടീവാണ് എന്ന് ശാലു കുര്യന്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാലു കുര്യന്‍.

സീരിയലില്‍ മിന്നി നിന്ന സമയത്ത് തന്റെ ചില ചിത്രങ്ങളും വീഡിയോകളും വൈറലായതിനെ കുറിച്ചും, അത് തന്നെ മാനസികമായി എത്രത്തോളം തളര്‍ത്തി എന്നതിനെ കുറിച്ചുമൊക്കെ പരിപാടിയില്‍ ശാലു കുര്യന്‍ തുറന്ന് സംസാരിക്കുന്നുണ്ട്. ചന്ദനമഴ എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആ സിനിമ വന്നത്. കഥ പറഞ്ഞപ്പോള്‍ നല്ല രീതിയിലായിരുന്നു. ഒരു രംഗത്ത് ഷോട്‌സ് ധരിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ തന്നെ, അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് എന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ആ രംഗം ഒഴിവാക്കി എന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ ഞാന്‍ ഒരു തമിഴ് സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് കോസ്റ്റിയൂമിന്റെ അളവെടുക്കാനായി ഒരു കോസ്റ്റിയൂമര്‍ വന്നു. ടൈസിന് മുകളില്‍ വച്ച് അയാള്‍ അളവെടുക്കുമ്പോള്‍ തന്നെ ഈ വേഷം ഞാന്‍ ധരിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നോട് ഇങ്ങനെയാണ് പറഞ്ഞത് എന്ന് പറഞ്ഞ്, അളവെടുത്ത് അയാള്‍ പോയി.

അങ്ങനെ ഷൂട്ടിങ് തുടങ്ങി. ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഒട്ടും നിലവാരം തോന്നിയില്ല. കുറഞ്ഞ ബഡ്ജറ്റ് എന്ന് പറഞ്ഞാല്‍, അതിലും താഴോട്ട് പോകാനില്ല എന്ന അവസ്ഥയിലാണ് ഷൂട്ടിങ് നടക്കുന്നത്. സീരിയലിന്റെ നിലവാരം പോലും ഉണ്ടായിരുന്നില്ല. ഓകെ സിനിമ ഇങ്ങനെയായിരിക്കും എന്ന് ഞാന്‍ കരുതി. മണിക്കുട്ടനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കാനിരുന്നത്. എന്നാല്‍ ആദ്യ ദിവസം ഷൂട്ടിങിന് വന്ന മണിക്കുട്ടന്‍ അപ്പോള്‍ തന്നെ തിരിച്ചുപോയി. പിന്നീട് വന്നില്ല. അതോടെ മറ്റൊരു നായകനെ കൊണ്ടുവന്നു.

ഷൂട്ടിങ് തുടര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഷോട്‌സ് ധരിക്കാനായി കൊണ്ടുവന്നത്. പറ്റില്ല എന്ന് അപ്പോഴും ഞാന്‍ പറഞ്ഞു. പക്ഷെ ശാലുവും ഇങ്ങനെ പെരുമാറിയാല്‍ ഈ സിനിമ നിര്‍ത്തുകയേ രക്ഷയുള്ളൂ. പ്രൊഡ്യൂസര്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രശ്‌നത്തിലാണ്. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ സംവിധായകന്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ ചെയ്യാം എന്ന് ശാലു സമ്മതിക്കുകയായിരുന്നുവത്രെ. എന്നാല്‍ സിനിമയുടെ പോസ്റ്ററിലൊന്നും ഈ ഫോട്ടോ വരാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു.

സിനിമയുടെ ഷൂട്ടിങൊക്കെ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ചന്ദനമഴയുടെ സെറ്റില്‍ പോയപ്പോഴാണ്, ശാലു ഇങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുമോ എന്ന് പലരും ചോദിച്ചത്. എനിക്കാദ്യം കാര്യം മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത് പലയിടത്തും പോസ്റ്ററുകള്‍ അടിച്ച് ഒട്ടിച്ചിട്ടുണ്ട് എന്ന്. സംവിധായകനെ ഞാന്‍ കുറ്റം പറയില്ല, സിനിമ എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് അദ്ദേഹം ചെയ്തതായിരിക്കാം. പക്ഷെ അത് എന്നെ മാനസികമായി തളര്‍ത്തി.

ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഘട്ടമായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ ഇവള്‍ ഇങ്ങനെ തന്നെയാണ്, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട് എന്നൊക്കെയുള്ള മെസേജുകള്‍ വന്നതോടെ ഞാന്‍ ആകെ തകര്‍ന്നു. പക്ഷെ അപ്പോഴും എനിക്ക് സപ്പോര്‍ട്ട് നല്‍കി എന്നെ അതില്‍നിന്നെല്ലാം പുറത്തുകൊണ്ടുവന്നത് എന്റെ കുടുംബമാണ്. ഇപ്പോഴും ഈ വീഡിയോയും ഫോട്ടോയും കുത്തിപ്പൊക്കുന്നവരുണ്ട്. അവരെ മാനസിക രോഗികള്‍ എന്ന് വിളിക്കാനേ കഴിയൂ- ശാലു കുര്യന്‍ പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More