മോഹന്‍ലാലിന്റെ അമ്മ അങ്ങനെ പറയും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അതെന്നെ അത്ഭുതപ്പെടുത്തി; ശരിക്കും അതല്ലായിരുന്നു മൂന്നാം മുറയുടെ ക്ലൈമാക്‌സ് എന്ന് സ്വാമി
മൂന്നാം മുറ എന്ന സിനിമയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ് മറ്റൊന്നായിരുന്നു എന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. ആ ക്ലൈമാക്‌സ് കണ്ട് മോഹന്‍ലാലിന്റെ അമ്മ പറഞ്ഞ കാര്യത്തെ കുറിച്ചും തിരക്കഥാകൃത്ത് തുറന്നു സംസാരിക്കുന്നു
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമയാണ് മോഹന്‍ലാല്‍ നായകനായ മൂന്നാം മുറ. 1988 ല്‍ പുറത്തിറങ്ങിയ സിനിമ കേരളത്തില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ബ്ലോക്ബസ്റ്റര്‍ ഹിറ്റ് എന്നാല്‍ ബോക്‌സോഫീസിലെ കോടികളുടെ കണക്കല്ല എന്ന് തെളിയിച്ച കാലം. ആളുകള്‍ തിക്കും തിരക്കും കൂട്ടി സിനിമ കാണാന്‍ കയറുന്ന, കണ്ടിറങ്ങിയ സിനിമയെ വലിച്ചു കീറി സോഷ്യല്‍ മീഡിയയില്‍ ഒട്ടിക്കാത്ത, കലയെ മനസ്സ് തുറന്ന് ആസ്വദിക്കുന്ന കാലം. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി മൂന്നാംമുറ മാറി.
വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ ക്ലൈമാക്‌സിന് പിന്നിലുള്ള ഒരു അറിയാക്കഥ വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. ഒരു സിനിമ ഏറ്റെടുത്തുകഴിഞ്ഞാല്‍, എഴുതി തീര്‍ത്ത് ഇട്ടിട്ട് പോകുകയല്ല, മറിച്ച് ആ സിനിമയുടെ യാത്രയിലുടനീളം താന്‍ ഉണ്ടാവാറുണ്ട് എന്ന് പറഞ്ഞാണ് എസ് എന്‍ സ്വാമി സംസാരിച്ചു തുടങ്ങുന്നത്. അങ്ങനെ ചെയ്ത സിനിമയാണ് മൂന്നാം മുറയും. പക്ഷേ യഥാര്‍ത്ഥത്തില്‍ മൂന്നാം മുറയുടെ ക്ലൈമാക്‌സ് നിങ്ങളെല്ലാം കണ്ടതു പോലെയായിരുന്നില്ല ഞാന്‍ എഴുതിയത്. ഞാന്‍ എഴുതിയ പടി സിനിമയിലുണ്ടായിരുന്നുവെങ്കില്‍ മറ്റൊരു തരത്തില്‍ ആ സിനിമ ട്രീറ്റ് ചെയ്യപ്പെട്ടേനെ എന്നാണഅ സ്വാമി പറയുന്നത്
തീവ്രവാതദ സംഘത്തിന് നേതൃത്വം നല്‍കുന്ന ആളെ (ലാലു അലക്‌സ്) കൊന്നതിന് ശേഷം നടന്നു പോകുന്ന മോഹന്‍ലാലിനെ കാണിച്ചാണ് യഥാര്‍ത്ഥത്തില്‍ സിനിമ അവസാനിക്കുന്നത്. പക്ഷെ അങ്ങനെയായിരുന്നില്ല എസ് എന്‍ സ്വാമി എഴുതിയത്. ചാള്‍സിനെ കൊന്നതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഡിഐജിയും സംഘവും ഏറ്റെടുക്കുന്നതും, അതിലൊന്നും ഒരു ക്രെഡിറ്റ്‌സും അലി ഇമ്രാന് (മോഹന്‍ലാലിന്) നല്‍കാതിരിക്കുകയും ചെയ്യുന്ന രീതിയിലാണ്. പൊലീസ് സംഘം വീട്ടും അലിയെ ചതിച്ചു എന്ന് പറഞ്ഞ് സിനിമ അവസാനിപ്പിക്കുകയാണ്. ഷൂട്ടിങ് എല്ലാം പൂര്‍ത്തിയാക്കി, റിലീസിങ് ഡേറ്റ് തീരുമാനിച്ചതിന് ശേഷം സിനിമ സെന്‍സറിങിന് പോയി.
സിനിമയില്‍ പൊലീസുകാരെ ഒരുപാട് അപമാനിക്കുന്നുണ്ട് എന്നും, ക്ലൈമാക്‌സ് കൂടെയായാല്‍ അത് കടന്നകൈ ആയിപ്പോവും എന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ഈ സിനിമ പൊലീസുകാര്‍ക്കെതിരെയുള്ളതാണ് എന്നും, നിയന്ത്രിക്കണം എന്നും പറഞ്ഞ് സെന്‍സര്‍ ബോര്‍ഡിന് നേരത്തെ തന്നെ പൊലീസ് സംഘടനയുടെ കത്തും കിട്ടിയിരുന്നു. റിലീസ് ഡേറ്റ് തീരുമാനിച്ചതിന് ശേഷം സിനിമ മാറ്റി റീ വര്‍ക്ക് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനെതിരെ ഫൈറ്റ് ചെയ്യാന്‍ പോയാല്‍ അതും സമയ നഷ്ടമാണ്. എങ്കില്‍ പിന്നെ ചാള്‍സിനെ കൊല്ലുന്നതോടെ സിനിമ അവസാനിപ്പിക്കാം എന്ന രീതിയില്‍ തീരുമാനിക്കുകയായിരുന്നുവത്രെ.
സിനിമ സെന്‍സറിങിന് കൊടുക്കുന്നതിന് മുന്‍പ് ഒരു പ്രിവ്യു ഷോ നടത്തിയിരുന്നു. അതിന് മോഹന്‍ലാലിന്റെ അമ്മയും വന്നിരുന്നുവത്രെ. സിനിമ കണ്ടതിന് ശേഷം അവര്‍ പറഞ്ഞു, ‘മോനെ ഒരു കാരണവശാലും ഇതിന്റെ ക്ലൈമാക്‌സ് മാറ്റരുത്, ഇത് ഇങ്ങനെ തന്നെ പോകണം’ എന്ന്. എന്തുകൊണ്ടാണ് അവരത് പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷെ ആദ്യമായിട്ടാണ് മോഹന്‍ലാലിന്റെ അമ്മ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷെ സെന്‍സറിങിന്റെ ഭാഗമായി ആ ക്ലൈമാക്‌സ് മാറ്റേണ്ടി വന്നു- എസ് എന്‍ സ്വാമി പറഞ്ഞു.