ഇത് വരെ കണ്ടതെല്ലാം പൊയ്, ഇത് താൻ നിജം’! ചതിയുടെയും പകയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ് മലൈക്കോട്ടൈ വാലിബൻ!
കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിജോ ജൂസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ട് ഒരുങ്ങിയ മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്, അയാൾ അത് വീണ്ടും കുറിച്ചിട്ടിരുന്നു, ” സോറി ഗയ്സ്, നോ പ്ലാൻ ടു ചേഞ്ച് നോ പ്ലാൻ ടു ഇമ്പ്രെസ്”. ലിജോയുടെ ഈമഔ, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾ പോലെ പോലെ ക്ലാസ് ചിത്രങ്ങളുടെ ഗണത്തിലോ അങ്കമാലി ഡയറീസ് ആമേൻ പോലെ കോമേഴ്‌ഷ്യൽ ചിത്രങ്ങളുടെ കൂട്ടത്തിലോ അതോ ഡബിൾ ബാരൽ പോലെ പരീക്ഷണ ഗണത്തിലോ പെടുത്താൻ പറ്റാത്ത തരം ഒരു പടം എന്ന് വാലിബനെ വിശേഷിപ്പിക്കാം. ചതിയുടെയും പകയുടെയും പ്രതികാരത്തിന്റെയും കഥ തന്നെയാണ് വാലിബനും. പക്ഷെ അത് കാണേണ്ടതും മനസിലാക്കേണ്ടതും സ്ഥിരം കാണുന്ന സിനിമകളുടെ രീതിയിൽ ആയിരിക്കരുത് എന്ന് മാത്രം. ഒരു അമർചിത്ര കഥ അല്ലെങ്കിൽ സ്വന്തമായി ഒരു യൂണിവേഴ്‌സ് തന്നെയുള്ള ഒരു നാടോടിക്കഥ മാത്രമാണ് വാലിബൻ. എല്ലാത്തരം പ്രേക്ഷരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ അതുകൊണ്ട് തന്നെ വാലിബന് സാധിക്കണമെന്നില്ല. അക്ഷരാർത്ഥത്തിൽ മാസ്സ് സിനിമകളിൽ നമ്മൾ കണ്ടു ശീലിച്ച ഫോർമാറ്റുകളിൽ നിന്നുമുള്ള ഒരു മാറ്റം വ്യക്തമാക്കുന്ന സിനിമയാണ് വാലിബൻ. ഒറ്റ വാചകത്തിൽ പറഞ്ഞാൽ മാസ്സ് എലമെന്റുകൾ ചേർത്ത ഒരു അമർചിത്രകഥ.
എടുത്തു പറയേണ്ടത് ലാലേട്ടനെ കുറിച്ച് തന്നെയാണ്, ഇൻട്രോ സീനിൽ തീയറ്റർ കുലുക്കാൻ കഴിയുന്ന ഒരു അത്ഭുതം ആയിരുന്നു ലാലേട്ടൻ ഈ സിനിമയിൽ. മോഹൻലാൽ അഭിമുഖങ്ങളിൽ പറഞ്ഞത് പോലെ ഇത് പോലൊരു സിനിമ മുൻപ് ആരും കണ്ടു കാണില്ല. മുൻപ് ആരും കാണാത്തത് കൊണ്ട് തന്നെ ഇതിനെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന് സിനിമ കണ്ട് കഴിഞ്ഞും പറയാൻ എല്ലാവർക്കും ബുദ്ധിമുട്ട് തോന്നും. സിനിമയിൽ ഏറ്റവും നന്നായത് മധു നീലകണ്ഠന്റെ കാമറ തന്നെ ആണ്. അതിഗംഭീരമായ ഫ്രെയിംസ് ആണ് വലിബനിൽ ഉപയോഗിച്ചിരിക്കുന്നത്. ബാലരമ കഥകളിൽ വരച്ചു കാണിക്കും പോലെ ഉള്ള ചിത്രങ്ങൾ, അതുകൊണ്ട് തന്നെ ഓരോ ഫ്രയിമിനും പറയാനുള്ളത് പറഞ്ഞു തീർത്താതെ അടുത്ത ഫ്രയിമിലേക്ക് ആ ക്യാമറയെ കൊണ്ടുപോകാനാകില്ല.