മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും  പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍”,-  ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് ഉണ്ണി മുകുന്ദൻ കൃഷ്ണ വിഗ്രഹം സമ്മാനിക്കുകയും ചെയ്തു. പണ്ട് മോദിക്കൊപ്പം പട്ടം പറത്തിയ അനുഭവം ഒരിക്കൽ ഉണ്ണി മുകുന്ദൻ പങ്കിട്ടിരുന്നു

നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവരും യുവം പരിപാടിയുടെ ഭാഗമായിരുന്നു. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികളും ഇതിന്‍റെ ഭാഗമായി നടന്നു. ഇവർക്കൊപ്പം സുരേഷ് ഗോപി, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായി.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More