ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല: അനാർക്കലി മരയ്ക്കാർ

ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയതാരമായ അനാർക്കലി മരയ്ക്കാരുടെ വിശേഷങ്ങൾ ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി തന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളെ കുറിച്ച് മനസ് തുറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തനിക്ക് ഒരിക്കൽ പോലും നോമ്പ് മുഴുവൻ എടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനാർക്കലി പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകൾ.

‘റംസാൻ ചെറുപ്പത്തിലായിരുന്നു കുറച്ച് കൂടി രസം. ‌പെരുന്നാളിന് കസിൻസിനൊപ്പം പുറത്ത് പോകും. പെരുന്നാൾ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓർമകൾ. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാൻ ഞാനാണ് പോകുന്നത്. പെരുന്നാൾ എന്റെ വീട്ടിൽ ആഘോഷിക്കുന്നത് കുറഞ്ഞു. മുഴുവൻ നോമ്പ് എടുത്തിട്ടില്ല ഇതുവരേയും. ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ല. ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പ് തുറക്കാൻ പോകും.

ഇഫ്താർ സമയത്താണ് നമ്മുടെ കുടുംബത്തിൽ ഇത്രയേറെ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത്. കാരണം എല്ലാവരും ഒത്തുകൂടും. സിനിമ സെറ്റിൽ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടി. കാരവാനൊന്നും എല്ലാവർക്കുമില്ല. മെയിൻ ആക്ടേഴ്സിന് മാത്രമേയുള്ളു. ചില സിനിമകളിൽ കാരവാൻ കിട്ടിയിട്ടുണ്ട്. ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജായിരുന്നു. സ്വപ്നക്കൂട് കണ്ട് ഫാനായതാണ്. ശേഷം സോൾട്ട് ആന്റ് പെപ്പർ സിനിമ ഇറങ്ങി. അതോടെ ആസിഫ്ക്കയുടെ ഫാനായി. ആസിഫ്ക്ക കല്യാണം കഴിച്ചപ്പോൾ സങ്കടമായി. അദ്ദേഹത്തോട് അത് പറഞ്ഞിട്ടുണ്ട്’, അനാർക്കലി പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More