ആറു വ്യത്യസ്ത മുലകള്‍… ആറു ജീവിതങ്ങള്‍; 'ബി 32 മുതല്‍ 44 വരെ' പെൺ ശരീരത്തിന്റെ രാഷ്ട്രീയം
മുലകളുടെ വലുപ്പത്തിന്റെ, ആകൃതിയുടെ അടിസ്ഥാനത്തില്‍ പെണ്ണിനെ അടയാളപ്പെടുത്തുന്നവരുടെ ഇടയില്‍ അതേ മുലകളുടെ അളവുകളുടെ പേരില്‍ ഒരു സിനിമ- ‘ബി 32 മുതല്‍ 44’ വരെ. ആറു വ്യത്യസ്ത മുലകള്‍. ആറു ജീവിതങ്ങള്‍… സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രമാണ് ‘ബി 32 മുതൽ 44 വരെ’. ആറു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗാനരചയിതാവും സംവിധായികയുമായ ശ്രുതി ശരണ്യമാണ്. അവതരണത്തിലും വ്യത്യസ്തതയും പ്രേമേയത്തിലെ പുതുമയും ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. അതിജീവനം നടത്തുന്ന ഒരു കൂട്ടം സ്ത്രീകളും അവരുടെ പോരാട്ടവുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഏറെയും സ്ത്രീകളാണ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ഇന്ത്യാ ടുഡേ മലയാളത്തോട് പങ്കുവയ്ക്കുകയാണ് ശ്രുതി.
പെൺ ശരീരം പെൺ കാഴ്ചയിലൂടെ
സ്ത്രീ ശരീരത്തെക്കുറിച്ച് സ്ത്രീകൾക്ക് പറയാൻ കഴിയുന്നതുപോലെ മറ്റാർക്കാണ് പറയാൻ കഴിയുക. നമ്മൾ പെണ്ണുങ്ങൾ പറഞ്ഞില്ലെങ്കിൽ നമ്മുടെ ശരീരത്തെപ്പറ്റി പിന്നെയാര് പറയാനാണ്. അത് ആൺ കാഴ്ചയിലൂടെയാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. കാരണം ആൺ കാഴ്ച വളരെ വ്യത്യസ്തമായിരിക്കും. സ്ത്രീ ശരീരത്തെപ്പറ്റി ഒരു പുരുഷൻ പറയുന്നത് ഇങ്ങനെയായിരിക്കില്ല. ഒരു പെണ്ണിന്റെ കാഴ്ച വേറെതന്നെയായിരിക്കും. വളരെ സന്തോഷിച്ച് രസിച്ചാണ് ഈ സിനിമ ചെയ്തത്. കൂടെയുണ്ടായിരുന്നവർ തന്നിരുന്ന കംഫർട്ട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ചിത്രത്തിന്റെ അണിയറയിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നെങ്കിലും ക്യാമറ, എഡിറ്റ് തുടങ്ങിയ ചില പ്രധാനപ്പെട്ട ഡിപ്പാർട്ടുമെന്റുകൾ കൈകാര്യം ചെയ്തത് പുരുഷന്മാരായിരുന്നു. ഈ പദ്ധതിയുടെ ഭാഗമല്ലാതെ, ഒരു പ്രൈവറ്റ് പ്രൊഡ്യൂസറെയാണ് എനിക്ക് കിട്ടുന്നതെങ്കിൽ തീർച്ചയായും അണിയറ പ്രവർത്തകരുടെ കാര്യത്തിൽ നിർമ്മാതാവിന്റെ താല്പര്യങ്ങളെ ഞാൻ പരിഗണിക്കേണ്ടിവരുമായിരുന്നു. എന്നാൽ ഇവിടെ ഗവണ്മെന്റിന്റെ പദ്ധതിയായത് കൊണ്ട് അത്തരം കാര്യങ്ങളിൽ വലിയ നിയന്ത്രണമില്ലായിരുന്നു. അങ്ങനെ കുറേപേർ ഒരുമിച്ചു നിൽക്കുന്നു ഒരു സൃഷ്ടിയുണ്ടാകുന്നു. അത് ഓർത്തു അഭിമാനിക്കുന്നു… ഒരുവർഷത്തോളം നീണ്ടുനിന്ന ഒരു പ്രോസസ് ആയിരുന്നു ചിത്രത്തിന്റെ സ്ക്രിപ്റ്റിങ് സെലക്ഷൻ. വലിയൊരു പ്രോസസിംഗിലൂടെ സെലക്ഷൻ കിട്ടിയതുകൊണ്ടുതന്നെ വളരെയധികം സന്തോഷം തോന്നി. എനിക്ക് കിട്ടിയ അവസരത്തിൽ മറ്റുള്ളവരെകൂടി ഉൾപ്പെടുത്തുക എന്നത് എന്റെ കർത്തവ്യമാണെന്ന് തോന്നി. അതിന്റെ ഭാഗമായാണ് ഇതിന്റെ അണിയറയിലും അരംഗത്തും കൂടുതലായി സ്ത്രീകളെ ഉൾക്കൊള്ളിച്ചത്. 2022 മാർച്ചിൽ സിനിമ ഷൂട്ട് തുടങ്ങി. 21 ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയായി.