ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ട്: സംവിധായകൻ ബ്ലെസി
തന്റെ സ്വപ്നപദ്ധതിയായ ആടുജീവിതത്തിന്റെ ട്രെയ്‌ലർ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. പ്രചരിക്കുന്നത് മൂന്ന് മിനിറ്റുള്ള ഒരു കണ്ടന്റ് മാത്രമാണെന്നും അതിനെ ഔദ്യോഗിക ട്രെയിലറായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ബ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്.
ആടുജീവിതത്തിന്റെ ഔദ്യോഗികമല്ലാത്ത ട്രെയ്‌ലർ കഴിഞ്ഞദിവസം വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നുപറഞ്ഞുകൊണ്ടാണ് സംവിധായകൻ ബ്ലെസി സംസാരിച്ചുതുടങ്ങുന്നത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഡെഡ്‌ലൈൻ എന്ന വെബ്സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ്. ട്രെയ്‌ലർ എന്ന തരത്തിൽ അതിനെ വിവരിക്കാൻ കഴിയില്ലെന്നും ബ്ലെസി പറഞ്ഞു.
“അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും വേൾഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങൾക്കുമായി ഏജന്റ്സിനയച്ച വിഡിയോ ക്ലിപ്പ് ആണിത്. ട്രെയ്‌ലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വീഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇതിങ്ങനെ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ട്.” ബ്ലെസി ചൂണ്ടിക്കാട്ടി.
ഇത് ഔദ്യോഗിക ട്രെയ്‌ലർ അല്ല. പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുകയാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമമുണ്ട്. അത് പ്രേക്ഷകരുടെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങൾക്കു മുന്നിലെത്തിയതെന്നും ബ്ലെസി പറഞ്ഞു.