കാലാപാനി… മോഹൻലാൽ – പ്രിയദർശൻ മാജിക്കിന് 27 വർഷം

സ്വാതന്ത്ര പോരാളികളുടെ ത്യാഗോജ്വല ജീവിതവും, ഗോവർധന്റേയും പാർവതിയുടെയും   പ്രണയസ്വപ്നങ്ങളുടെയും കഥ പറഞ്ഞ പ്രിയദർശൻ മാജിക്കിന് 27 വർഷം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച ഗോവർദ്ധനറെയും മുകുന്ദിന്റെയും അങ്ങനെ ഒട്ടനവധി ധീരന്മാരുടെ കഥ പറഞ്ഞ ചിത്രമാണ് ‘കാലാപാനി’. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇന്‍ഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുതന്ന പ്രിയദർശൻ ചിത്രം.

1995 ക്രിസ്തുമസ് റിലീസായാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീട് 1996 ഏപ്രിലേക്ക് മാറ്റി… റിലീസിന് മുമ്പ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരി. ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു… മലയാളത്തിലെ ആദ്യ “ഡോൾബി സ്ടീരിയോ” ചിത്രം. കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോൽബി സൗണ്ട് സിസ്റ്റം കൊണ്ടുവരുന്നത്… പ്രീ റിലീസ് പ്രൊമോഷനോടുകൂടെത്തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു.

മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് കാലാപാനിയിൽ പ്രേക്ഷകന് കാണാൻ സാധിച്ചത്… ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ അത്രത്തോളം സൂക്ഷമതയോടെ, മനോഹരമായാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്… കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ എന്ന സംവിധായകനിൽ നിന്നുതന്നെയാണ് 1915 ലെ ആൻഡമാൻ  ജയിൽപുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചതും.

1995 ലെ 5 നാഷണൽ അവാർഡകളും 7 സംസ്ഥാന അവാർഡുകളും കാലാപാനി സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനെ തേടിയെത്തി. നാഷണൽ അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ടിൽ  കാലാപാനിയിലെ മികച്ച പ്രകടത്തിന് മോഹൻലാലിന്റെ പേരും ഉയർന്നു കേട്ടെങ്കിലും കിരീടത്തിലെയും സദയത്തിലെയും അഭിനയത്തിന് മുൻ വർഷങ്ങളിൽ തഴയപ്പെട്ടത് പോലെ തന്നെ ആ വർഷവും മോഹൻലാൽ തഴയപ്പെട്ടു.

1995-96 കാലഘട്ടത്തിൽ  മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി.. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾപോലും ഒന്നൊന്നര കോടി രൂപയ്ക്ക് നിർമിച്ചിരുന്ന കാലത്താണ് അഞ്ച് കോടിയോളം രൂപയ്ക്ക് മോഹൻലാലും ഗുഡ്നൈറ്റ് മോഹനും കാലാപാനി നിർമിച്ചത്. കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ റൈറ്റ്സ്  അമിതാഭ് ബച്ചന്റെ ABCL ഒരു കോടി രൂപയ്ക്ക്  സ്വന്തമാക്കിയതും വാർത്തയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് പ്രിയദർശന് വേണ്ടിവന്നത് 60 ദിവസങ്ങൾ മാത്രമാണ്.

ടി. ദാമോദരന്റെയും പ്രിയദർശന്റെയും മികച്ച തിരക്കഥ, പ്രിയദർശന്റെ സംവിധാന മികവ്,സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും, മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ അഭിനയ മികവും കാലാപാനിയെ കൂടുതൽ മികവുറ്റതാക്കി. 27 വർഷങ്ങൾക്കിപ്പുറവും കാലാപാനിയെ കുറിച്ച്  പ്രേക്ഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശൻ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവവും, സന്തോഷ് ശിവന്റെ  ഛായാഗ്രഹണ മികവ് കൊണ്ടും, അതിലുപരി മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടുമാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More