അരും കൊല നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും റഹീം ഒളിവിൽ
തിരുവനന്തപുരം ജില്ലയിലെ പാലോടിനെ നടുക്കിയ ആരും കൊല നടന്നിട്ട് വർഷം ഒന്നായെങ്കിലും പ്രതി ഇപ്പോഴും ഒളിവിൽ തന്നെ. പാലോട് സ്വദേശി നാസില ബീഗത്തെ മയക്കുമരുന്ന് കലർത്തിയ മിഠായി നൽകിയ ശേഷം മൃഗീയമായി കുത്തി കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ ഒരുവർഷമായിട്ടും കണ്ടെത്താനായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കൊലക്കുശേഷം ഒളിവിൽപോയ പ്രതിയെന്നു കരുതുന്ന ഭർത്താവിനെ പൊലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
പാലോട് മേഖലയെ നടുക്കിയ അരുംകൊല നടക്കുന്നത് 2021 നവംബർ 11 ന് രാത്രിയാണ്. ചാക്ക ഐടിഐയിലെ ക്ലർക്കായ റഹീമാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം കൊലക്കത്തിയുമായിട്ടായിരുന്നു റഹീം ഭാര്യാ വീടായ പാലോട് നവാസ് മൻസിലിലേക്കെത്തിയത്. വീട്ടിൽ വച്ച് സ്നേഹത്തിൽ പെരുമാറിയ റഹീം താൻ കൊണ്ടുവന്ന മിഠായി മകൾക്കും ഭാര്യക്കും നൽകുകയായിരുന്നു. ഈ മിഠായിൽ മയക്കുമരുന്ന് കലർത്തിയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മഴയുടെ സമയം കൂടിയായിരുന്നു അത്. മഴയത്ത് ചെരുപ്പു നനയാതെ എടുത്തുവെക്കണമെന്ന് പറഞ്ഞ് അതിനുശേഷം റഹീം പുറത്തിറങ്ങി. തുടർന്ന് അകത്തു കയറിയിറിയ റഹീം വാതിൽ കുറ്റിയിട്ടിരുന്നില്ല. മയക്കുമരുന്ന് കലർത്തിയ മിഠായി ആയതുകൊണ്ട് തന്നെ അത് കഴിച്ച ഭാര്യയും മകളും വേഗം ഉറങ്ങുകയും ചെയ്തു.
പതിവുപോലെ പുലർച്ചെ നിസ്കാരത്തിന് ഉണർന്ന നാസില ബീഗത്തിൻ്റെ മാതാവ് തനിക്കൊപ്പം ഉണരുന്ന മകളെ കാണാത്തതിനാൽ മകളുടെ മുറിയിലേക്ക് തിരക്കി ചെന്നു. വാതിൽ അടച്ചിട്ടുണ്ടായിരുന്നു. വാതിൽ തള്ളിയപ്പോൾ തുറന്നു. അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കട്ടിലിൽ ഒരു വശത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നാസിലയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. നാസിലയുടെ തൊട്ടടുത്ത് 13 വയസ്സുള്ള മകൾ ബോധരഹിതയായി കിടക്കുന്നുണ്ടായിരുന്നു.
നാസിലയുടെ മാതാവിൻ്റെ നിലവിളി കേട്ട് അയൽക്കാർ എഴുന്നേറ്റ് വീട്ടിലെത്തി. തുടർന്ന് നാസിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടെന്നുള്ള വിവരമാണ് അവിടെ നിന്ന് ലഭിച്ചത്. പൊലീസ് കേസെടുത്തു അന്വേഷിച്ച സംഭവത്തിൽ കൊല നടത്തിയത് റഹീം ആണെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ അപ്പോഴേക്കും റഹീം അപ്രത്യക്ഷനായിരുന്നു.
മുൻകൂട്ടി പദ്ധതിയിട്ടാണ് റഹീം അരുംകൊല നടത്തിയതെന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൻ്റെ മൊബൈൽ ഫോണും, തിരിച്ചറിയൽ രേഖകളുമെല്ലാം ഉപേക്ഷിച്ചാണ് റഹീം കടന്നു കളഞ്ഞത്. റഹീമിന് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലായിരുന്നു. നന്നായി സ്കൂട്ടർ ഓടിക്കാൻ അറിയാത്ത വ്യക്തികൂടിയായിരുന്നു റഹീം. എന്നിട്ടും കൊലപാതകം നടക്കുന്നതിൻ്റെ തലേദിവസം റഹീം ഒരു സെക്കൻ്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇയാൾ സ്കൂട്ടർ വാങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഈ സ്കൂട്ടർ സമീപത്തെ ആറ്റിൻകരയിൽ വെച്ചശേഷമാണ് രാത്രിയിൽ വീട്ടിൽ കയറിയതെന്നും പീന്നീട് നടത്തിയ അന്വേഷണത്തിൽ പുറത്തു വരികയായിരുന്നു.
കൊലപാതകം നടന്ന വീട്ടിൽ നിന്നും പാലോട് ടൗണിലേക്ക് എത്താൻ ഏകദേശം മൂന്ന് കിലോമീറ്ററുണ്ട്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാനാണ് റഹീം സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. പരിമിതമായ അറിവ് വച്ചുകൊണ്ട് സ്കൂട്ടറിൽ റഹീം അട്ടക്കുളങ്ങര വരെ പോയി. അവിടെ സ്കൂട്ടർ ഉപേക്ഷിച്ച് ബസുകൾ മാറിമാറി കയറി തുമ്പ നെഹ്റു ജംഗ്ഷനിൽ റഹീം എത്തി. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. എന്നാൽ അതിനു ശേഷം റഹീമിനെ കുറിച്ച് യാതൊരു വിവരവുമില്ല. കണ്ടെത്താൻ പൊലീസ് തീവ്രമായ അന്വേഷണം നടത്തിയിട്ടും ഇതുവരെ പുതിയ കുറിച്ച് ഏതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വർഷം ഒന്നു കഴിഞ്ഞിട്ടും റഹീം ഇന്നും ഒളിവിൽ തന്നെയാണ്.
മയങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിലും കഴുത്തിലും കുത്തിയാണ് കൊലപാതകം. ഈ സമയം തൊട്ടടുത്ത് മകള്‍ ഉറങ്ങുകയായിരുന്നു. 2018ലും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതിന് ശേഷം ഇയാളുമായി ജീവിക്കാനാകില്ലെന്ന് പറഞ്ഞ് നാസില സ്വന്തം നീട്ടില്‍ പോയി. തുടര്‍ന്ന് ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് റഹീം ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷമാണ് ഇയാളോടൊപ്പം നാസില വീണ്ടും പോയത്.