കാച്ചാണിയിലെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനപീഡനം?
തിരുവനന്തപുരം കാച്ചാണിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയുടെ കുടുംബം. ഭര്‍ത്യവീട്ടില്‍ കടുത്ത ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും സ്ത്രീധനത്തെ ചൊല്ലി പീഡനം പതിവായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭം അലസി. ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കാച്ചാണി പമ്മത്തുമൂലയില്‍ അനുപ്രിയ എസ്. നാഥാണ് കഴിഞ്ഞ ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ കത്തെഴുതിവച്ച ശേഷമാണ് 29കാരി ജീവനൊടുക്കിയത്.
എട്ട് മാസം മുന്‍പായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി മനുവുമായി വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. എന്നാല്‍ ഈ സമയം അനുപ്രിയ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ശാരീരിക ഉപദ്രവങ്ങളെ തുടര്‍ന്ന് ഗര്‍ഭം അലസി. ഇതോടെ അനുപ്രിയ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ മനുവും കുടുംബവും ഫോണില്‍ വിളിച്ച് ഉപദ്രവം തുടര്‍ന്നു. കല്യാണത്തിന് അഞ്ച് ലക്ഷം രൂപ ചെലവായെന്നും തെണ്ടികല്യാണം നടത്തിയെന്നും പറഞ്ഞായിരുന്നു മിക്കപ്പോഴും മാനസിക പീഡനം. എട്ട് മാസം കൊണ്ട് അനുഭവിച്ച പീഡനങ്ങളൊക്കെ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ബാക്കിവെച്ചാണ് അനുപ്രിയ ജീവനൊടുക്കിയത്. ഇത് ലഭിച്ചതോടെ ബന്ധുക്കള്‍ അരുവിക്കര പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.