മുൻ കാമുകൻ്റെ രണ്ടു ചെവിയും ചേർത്ത് ആഞ്ഞടിച്ച് ലക്ഷ്മിപ്രിയ

വർക്കല അയിരൂരില്‍നിന്ന് കാമുകിയും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ യുവാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം യാത്രയിലുടനീളം ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദനങ്ങളാണെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് കാമുകി ലക്ഷ്മിപ്രിയയും ഇവരുടെ പുതിയ കാമുകനും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ലക്ഷ്മിപ്രിയ അടക്കം രണ്ടുപേരെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ബാക്കി ആറുപ്രതികള്‍ക്കായി പോലീസിൻ്റെ തിരച്ചില്‍ ഊർജിതമാക്കി.

മുൻ കാമുകനായ യുവാവിനെ ലക്ഷ്മി പ്രിയയും മർദ്ദിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികള്‍ കൂടി കാറില്‍ കയറുകയായിരുന്നു. ഇതിനുപിന്നാലെയാണ് മര്‍ദനം ആരംഭിച്ചത്. ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകില്‍ ഇടിച്ചു. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചുവെന്നും പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ പറയുന്നു. കാര്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ ‘ഇപ്പോഴെങ്കിലും എന്നെ മനസിലായോടാ’ എന്നു ചോദിച്ചുകൊണ്ട് ലക്ഷ്മിപ്രിയയും യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. യുവാവിന്റെ രണ്ടു ചെവിയും ചേർത്ത് ലക്ഷ്മിപ്രിയ ആഞ്ഞടിക്കുകയായിരുന്നു എന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി.

ഏപ്രിൽ അഞ്ചിന് വർക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുൻകാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് കേസ്. രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകൻ്റെ വീട്ടിൽ യുവതി എത്തി. തുടർന്ന്  യുവതി യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി. കാറിൽ വച്ച് പുതിയ കാമുകനൊപ്പം മർദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കാർ ആലപ്പുഴ എത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി യുവാവിൻ്റെ കഴുത്തിലുണ്ടായിരുന്ന മാലയും കൈയിലുണ്ടായിരുന്ന മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങുകയായിരുന്നു എന്നും വിവരങ്ങളുണ്ട്. 3500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി. തുടർന്ന് യുവാവിനെ വീണ്ടും മർദ്ദിക്കുകയായിരുന്നു. അവിടെ നിന്നും യുവാവിനെ എറണാകുളം ബൈപ്പാസിന് സമീപത്തെ ഒരു വീട്ടിലെത്തിച്ചു. അവിടെ വച്ച്  നാവിൽ മൊബൈൽ ചാർജർ വച്ച് ഷോക്കേൽപ്പിക്കാനും സംഘം ശ്രമിച്ചതായി പരാതിയുണ്ട്.

തുടർന്ന് യുവാവിനെ ബിയർ കുടിക്കാൻ സംഘം നിർബന്ധിച്ചെങ്കിലും യുവാവ് വിസമ്മതിച്ചതോടെ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ലഹരി വസ്തുക്കൾ നൽകി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ചുവെന്നുഗ പരാതിയിൽ പറയുന്നു. മർദ്ദന ദൃശ്യങ്ങൾ യുവതി തൻ്റെ  മൊബൈലിൽ പകർത്തി. താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇതു കൂടാതെ അഞ്ച് ലക്ഷം രൂപ നൽകണമെന്നും യുവതി ആവശ്യപ്പെട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

യുവതിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം രാവിലെ അവശനായ യുവാവിനെ വൈറ്റില ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. റോഡരികിൽ കണ്ടെത്തിയ യുവാവിനെ പൊലീസെത്തിയാണ് കൊച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷ്മിപ്രിയ പിടിയിലാകുന്നത്. ലക്ഷ്മിപ്രിയയുടെ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഒളിത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

അതേസമയം, ക്രൂരമായ ആക്രമണത്തിന് ഇരയായ മകന്‍ മാനസികമായും ശാരീരികമായും ഏറെ പ്രയാസം അനുഭവിക്കുകയാണെന്ന് മര്‍ദനമേറ്റ യുവാവിന്റെ പിതാവ് പ്രതികരിച്ചു. ”അവന്‍ മാനസികമായി ഏറെ തളര്‍ന്നിരിക്കുകയാണ്. സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ഇതുവരെ മുക്തനായിട്ടില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍കാര്യങ്ങള്‍ മകനോട് ചോദിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല. രാത്രിസമയത്ത് എന്നെ കൊല്ലാന്‍വരുന്നു എന്നുപറഞ്ഞ് അലറിവിളിക്കുകയാണ്. കൗണ്‍സിലിങ് തുടങ്ങിയിട്ടുണ്ട്”-പിതാവ് പറഞ്ഞു.

അതിനിടെ, കേസ് ഒത്തുതീര്‍പ്പാക്കാനും പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതായും പിതാവ് വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പത്തുലക്ഷം രൂപയാണ് പ്രതികളുടെ ഭാഗത്തുനിന്നുള്ളവര്‍ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More