മാതാവ് പൊങ്കാലയിടാൻ പോയി, പിതാവ് ജോലിക്കും: മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

കൊല്ലം : മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി അമ്പിളിച്ചേഴത്ത് തെക്കതില്‍ ശശാങ്കന്‍ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (26) പോക്‌സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.

പിതാവ് ജോലിക്ക് പോയെന്നും മാതാവ് തിരുവനന്തപുരത്ത് പൊങ്കാലയിടാന്‍ പോയെന്നും മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടിലെത്തി മുകള്‍ നിലയിലെ മേല്‍ക്കൂര പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഇളയ പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച്‌ കത്തികാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ മൂത്തകുട്ടിയെ ആക്രമിക്കുകയായിരുന്നു.

കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപെട്ടു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ.ഐ.വി, ഡാര്‍വിന്‍, ഷാജഹാന്‍, സുദര്‍ശനന്‍, എസ്.സിപിഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More