കാപ്പാ നിയമം ലംഘിച്ചു : നാടുകടത്തപ്പെട്ട പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെത്തുടർന്ന് അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ അൽത്താഫ് നൂഹി (24)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മോഷണം, കവർച്ച, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ, ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു.
ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.