പരിശീലന മത്സരത്തിൽ വെടിക്കെട്ട് നടത്തി ജയ്സ്വാളും, ജൂറലും; സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇത്തവണ കലക്കും
രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) പരിശീലന മത്സരത്തിൽ കിടിലൻ പ്രകടനവുമായി യുവതാരങ്ങൾ. യശസ്വി ജയ്സ്വാളും ധ്രുവ് ജൂറലുമെല്ലാം തകർത്തു. സഞ്ജുവിന് ആവേശം നൽകുന്ന കാര്യം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (Indian Premier League) മറ്റൊരു സീസൺ കൂടി വന്നെത്തിയിരിക്കുന്നു. 10 ടീമുകളും ടൂർണമെന്റിന് മുന്നോടിയായുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്. സീസണ് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ടീമുകൾ ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു സാംസണിന്റെ (Sanju Samson) ടീമായ രാജസ്ഥാൻ റോയൽസും (Rajasthan Royals) രണ്ട് ടീമുകളായി തിരിഞ്ഞ് ഒരു പരിശീലന മത്സരം കളിച്ചിരുന്നു. ടീമിലെ യുവതാരങ്ങളെല്ലാം കിടിലൻ ഫോമിലാണെന്ന് തെളിയിക്കുന്നതാണ് ഈ മത്സരത്തിലെ സ്കോർ കാർഡ്. ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായ കുമാർ സംഗക്കാരയും, ഫാസ്റ്റ് ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ടും മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിശീലന മത്സരം മുഴുവൻ വീക്ഷിച്ചുകൊണ്ട് മൈതാനത്തുണ്ടായിരുന്നു. ഈ കളിയിൽ താരങ്ങളുടെ പ്രകടനങ്ങൾ എങ്ങനെയായിരുന്നുവെന്ന് നോക്കാം.