അന്ന് ഗംഭീറിൽ നിന്ന് ബാറ്റ് സമ്മാനം ലഭിച്ചു, ഇപ്പോൾ അവസാന പന്ത് സിക്സിലൂടെ മുംബൈയുടെ മിന്നും താരം; സജന വേറെ ലെവലാണ്
വനിതാ പ്രീമിയർ ലീഗിലെ (WPL 2024) ആദ്യ മത്സരത്തിൽ അവസാന പന്ത് സിക്സറിലൂടെ മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ച സജന (S Sajana) ആളു പുലിയാണ്. 2011 ൽ ഗൗതം ഗംഭീറിൽ നിന്ന് ബാറ്റ് സമ്മാനമായി ലഭിച്ച സജന ഇന്ത്യൻ ക്രിക്കറ്റിലെയും അടുത്ത സൂപ്പർ താരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
2024 സീസൺ വനിതാ പ്രീമിയർ ലീഗിലെ (WPL) ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഡെൽഹി ക്യാപിറ്റൽസ് 20 ഓവറുകളിൽ നേടിയത് 171/5 എന്ന മികച്ച സ്കോർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ച മുംബൈ ഇന്ത്യൻസ് വിമൻ 19 ഓവറുകൾ അവസാനിക്കുമ്പോൾ 160/4 എന്ന നിലയിൽ. അവസാന ഓവറിൽ അവർക്ക് ജയിക്കാൻ 12 റൺസ്. അവസാന ഓവറിലെ അഞ്ചാം പന്തിൽ മികച്ച ഫോമിലായിരുന്ന ഹർമൻപ്രീത് കൗറിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമാകുന്നു. ഇതോടെ അവസാന പന്തിൽ അവർക്ക് ജയിക്കാൻ അഞ്ച് റൺസ്. ബൗണ്ടറി നേടിയാൽ കളി ടൈയിൽ അവസാനിപ്പിച്ച് സൂപ്പർ ഓവറിലേക്ക് മത്സരം നീട്ടാം. സിക്സടിച്ചാൽ വിജയം.
അവസാന പന്ത് നേരിടാൻ മുംബൈയ്ക്കായി ക്രീസിലെത്തിയത് മലയാളി താരം എസ് സജന. പിന്നീട് കണ്ടത് മലയാളി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിക്കുന്ന നിമിഷങ്ങൾ. അലീസ് കാപ്സിയെറിഞ്ഞ പന്ത് സ്റ്റെപ്പൗട്ട് ചെയ്ത് ലോങ് ഓണിന് മുകളിലൂടെ സജനയുടെ തകർപ്പൻ സിക്സർ. പരാജയം പ്രതീക്ഷിച്ച മുംബൈ ആരാധകർ തുള്ളിച്ചാടി. ഒരു മലയാളിയുടെ ലാസ്റ്റ് ബോൾ സിക്സറിൽ മുംബൈയ്ക്ക് 2024 വനിതാ പ്രീമിയർ ലീഗിൽ മിന്നും തുടക്കം. എന്തായാലും ഈ ഒരു സിക്സർ സജന എന്ന വയനാടുകാരിയുടെ കരിയറും ജീവിതവും മാറ്റിമറിക്കുമെന്ന് ഉറപ്പ്.
അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്ന അവസ്ഥയിൽ ഭൂരിഭാഗം മുംബൈ ഇന്ത്യൻസ് ആരാധകരും പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഹർമൻപ്രീത് കൗർ ഔട്ടാവുക കൂടി ചെയ്ത സാഹചര്യത്തിൽ. എന്നാൽ സജനയ്ക്ക് മറ്റ് ചില പദ്ധതികളാണ് ഉണ്ടായിരുന്നത്. വലംകൈഓഫ് ബ്രേക്ക് ബോളറായ കാപ്സിയെ മുന്നിലേക്ക് കയറിയടിച്ച സജന ബാറ്റിൽ നിന്ന് പന്ത് പറന്നതിന് പിന്നാലെ വായുവിലേക്ക് മുഷ്ടി ചുരുട്ടി ആഘോഷ പ്രകടനവും ആരംഭിച്ചിരുന്നു. തന്റെ ഷോട്ടിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ആ ആഘോഷം.