അവസാനം വമ്പൻ വെളിപ്പെടുത്തൽ നടത്തി ലയണൽ മെസി; ആ മത്സരത്തിൽ നിന്ന് വിട്ടുനിന്നത് ഇക്കാരണത്താൽ
ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ കളിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ലയണൽ മെസി (Lionel Messi) ഈ കളിയിൽ മെസി ഇറങ്ങാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
ഹോങ്കോങ് ഇലവനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി (Lionel Messi), ഇന്റർ മയാമിക്കായി (Inter Miami) കളിക്കാതിരുന്നത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒരു മിനിറ്റ് പോലും മെസി ഈ മത്സരത്തിൽ ഇറങ്ങാതിരുന്നത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. മെസി കളിക്കാൻ ഇറങ്ങാത്തതിനാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്ന തരത്തിൽ ആരാധകർക്കിടയിൽ പ്രതിഷേധങ്ങൾ ഉയർന്നു. ഇത് മാത്രമല്ല സർക്കാർ പോലും സംഭവത്തിൽ സംഘാടകരോട് വിശദീകരണം ആവശ്യപ്പെട്ടു.
പരിക്കിന്റെ പിടിയിലായതിനാലാണ് ലയണൽ മെസിക്ക് ഹോങ്കോങ്ങിൽ കളിക്കാൻ സാധിക്കാതിരുന്നത് എന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഫുട്ബോൾ പ്രേമികൾ അതിലൊന്നും ശാന്തരായില്ല. ഹോങ്കോങ്ങിൽ കളിക്കാതിരുന്ന മെസി ഇതിന് ശേഷം ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബെയ്ക്ക് എതിരെ നടന്ന ഇന്റർ മയാമിയുടെ മത്സരത്തിൽ കളത്തിലെത്തി. ഇതോടെ സംഗതി വേറെ തലത്തിലേക്ക് പോയി.രാഷ്ട്രീയപരമായ കാരണങ്ങൾ മെസി കളിക്കാത്തതിന് പിന്നിലുണ്ടെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു. ചൈനയിൽ ശക്തമായ മെസി വിരുദ്ധ വികാരമാണ് അണപൊട്ടിയത്. ഇതോടെ അടുത്ത മാസം ചൈന ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ (Argentina Football Team) രണ്ട് സൗഹൃദ മത്സരങ്ങളും അവർ റദ്ദാക്കി. നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കെതിരെയായിരുന്നു ഈ മത്സരങ്ങൾ.