മെസിയുടെ ടീമിനെ ഗോൾമഴയിൽ മുക്കി ക്രിസ്റ്റ്യാനോയുടെ അൽ നസർ; നേടിയത് ആറ് ഗോൾ ജയം, കോരിത്തരിച്ച് ആരാധകർ
റിയാദ് സീസൺ കപ്പിലെ രണ്ടാം മത്സരത്തിലും ലയണൽ മെസിയുടെ (Lionel Messi) ഇന്റർ മയാമിക്ക് തോൽവി. അമേരിക്കൻ സംഘം നാണം കെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് മുന്നിൽ.
റിയാദ് സീസൺ കപ്പിലെ രണ്ടാമത് കളിയിൽ ലയണൽ മെസിയുടെ (Lionel Messi) ടീമായ ഇന്റർ മയാമിയെ (Inter Miami) തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസർ എഫ്സി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സൗദി ക്ലബ്ബായ അൽ നസറിന്റെ ജയം. ക്രിസ്റ്റ്യാനോ പരിക്കിനെത്തുടർന്ന് പുറത്തിരുന്ന കളിയിൽ മെസി മൈതാനത്ത് ഇറങ്ങിയത് എൺപത്തിനാലാം മിനിറ്റിൽ മാത്രമായിരുന്നു. സ്വന്തം നാട്ടിൽ നടന്ന കളിയിൽ ഇന്റർ മയാമിക്ക് ഒരവസരം പോലും നൽകാതെയാണ് അൽ നസറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ 12 മിനിറ്റിൽത്തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ അൽ നസർ രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന മൂന്ന് ഗോളുകൾ നേടിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കില്ലെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസം പരിക്കേറ്റ ക്രിസ്റ്റ്യാനോ പൂർണ ഫിറ്റ്നസിലല്ലെന്നും അതിനാൽ ഇന്റർ മയാമിക്കെതിരെ കളിക്കില്ലെന്നും അൽ നസർ പരിശീലകൻ ലൂയിസ് കാസ്ട്രോയായിരുന്നു സ്ഥിരീകരിച്ചത്. ഇത് മത്സരത്തിന് മുൻപ് തന്നെ ഫുട്ബോൾ പ്രേമികൾക്ക് നിരാശ സമ്മാനിച്ചു.
മത്സരത്തിന് മുൻപ് ഇന്റർ മയാമിയുടെ ലൈനപ്പ് പുറത്ത് വന്നപ്പോൾ ആരാധകരുടെ നിരാശ ഇരട്ടിയായി. കാരണം സൂപ്പർ താരം ലയണൽ മെസി ഇന്റർ മയാമിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലായിരുന്നു. പകരക്കാരുടെ നിരയിലായിരുന്നു മെസിയെ ഇന്റർ മയാമി ഉൾപ്പെടുത്തിയത്. പരിക്കിന്റെ പിടിയിലായതിനാലാണ് മെസിയെ ആദ്യ ഇലവനിൽ അമേരിക്കൻ ക്ലബ്ബ് ഉൾപ്പെടുത്താത്തതെന്ന് ഇതിനിടെ റിപ്പോർട്ടുകളും വന്നു.