വീണ്ടും മുഷീർ ഖാന്റെ ഹീറോയിസം, അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിനെ നാണംകെടുത്തി ഇന്ത്യ; നേടിയത് 214 റൺസ് ജയം
അണ്ടർ 19 ലോകകപ്പിലെ മിന്നും ഫോം തുടർന്ന് ഇന്ത്യ. സൂപ്പർ സിക്സ് പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തു. മുഷീർ ഖാൻ കളിയിലെ കേമൻ.
ദക്ഷിണാഫ്രിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന പുരുഷ അണ്ടർ 19 ലോകകപ്പിലെ ആദ്യ സൂപ്പർ സിക്സ് മത്സരത്തിൽ ന്യൂസിലൻഡിനെ നാണം കെടുത്തി ഇന്ത്യ. ബ്ലൂംഫോണ്ടെയ്നിൽ നടന്ന കളിയിൽ 214 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 295/8 എന്ന മികച്ച സ്കോർ നേടിയപ്പോൾ ന്യൂസിലൻഡ് വെറും 81 റൺസിൽ ഓളൗട്ടാവുകയായിരുന്നു. കിടിലൻ സെഞ്ചുറിയും രണ്ട് വിക്കറ്റുകളും നേടിയ ഇന്ത്യയുടെ മുഷീർ ഖാനാണ് കളിയിലെ കേമൻ.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ്, ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ആദർശ് സിങും, മൂന്നാം നമ്പരിൽ ഇറങ്ങിയ മുഷീർ ഖാനുമാണ് ഇന്ത്യൻ ബാറ്റിങ്ങിലെ താരങ്ങൾ. അദർശ് സിങ് 58 പന്തിൽ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 52 റൺസ് നേടി. മിന്നും ഫോമിലുള്ള മുഷീർ ഖാനായിരുന്നു കളിയിലെ താരം.