Suryakumar Yadav: കിടിലൻ നേട്ടവുമായി സൂര്യകുമാർ യാദവ്; തുടർച്ചയായ രണ്ടാം വർഷവും ഐസിസിയുടെ മികച്ച പുരുഷ ടി20 താരം
2023 ലെ മികച്ച പുരുഷ ടി20 താരത്തിനുള്ള ഐസിസി പുരസ്കാരം സൂര്യകുമാർ യാദവിന് ( Suryakumar Yadav ). സ്കൈ ഈ നേട്ടം സ്വന്തമാക്കുന്നത് തുടർച്ചയായ രണ്ടാം വർഷം.
2023 ലെ മികച്ച പുരുഷ ടി20 താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യയുടെ സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിന് (Suryakumar Yadav). ഇത് തുടർച്ചയായ രണ്ടാം വർഷമാണ് സൂര്യകുമാർ യാദവ് ഐസിസിയുടെ മികച്ച ടി20 താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
പോയ വർഷം അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയ്ക്കായി കാഴ്ചവെച്ച മിന്നും പ്രകടനമാണ് സ്കൈയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. 2023 ൽ കളിച്ച 18 ടി20 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികൾ അടക്കം 733 റൺസായിരുന്നു സ്കൈ സ്കോർ ചെയ്തത്.
കഴിഞ്ഞ വർഷം ടി20യിൽ ഇന്ത്യയുടെ നായകനായും സൂര്യകുമാർ യാദവ് മാറിയിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിനെ വിജയത്തിലേക്കും അദ്ദേഹം നയിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ടി20 താരമാകാൻ സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ, ഉഗാണ്ടയുടെ അല്പേഷ് രംജാനി എന്നിവരാണ് സൂര്യകുമാർ യാദവുമായി മത്സരിച്ചത്. ഐസിസി വോട്ടിങ് അക്കാദമി, മാധ്യമ പ്രതിനിധികൾ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിൽ സ്കൈ ഒന്നാമതെത്തുകയായിരുന്നു. നേരത്തെ ഐസിസിയുടെ പോയ വർഷത്തെ മികച്ച ടി20 ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.