നിക്ഷേപകർക്ക് കോളടിച്ചു; ഓഹരികൾ 20 മടങ്ങ് വരെ ഉയരും; ഒരേസമയം ബോണസ് ഷെയറും സ്റ്റോക്ക് സ്പ്ലിറ്റുമായി 2 കമ്പനികൾ
ഒരുമിച്ച് ബോണസ് ഷെയറും സ്റ്റോക്ക് സ്പ്ലിറ്റും നടത്തുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ നിക്ഷേപകരുടെ പക്കലുള്ള ഓഹരികളുടെ ആകെ എണ്ണം ഒറ്റയടിക്ക് പലമടങ്ങായി വർധിക്കും. ഭാവിയിൽ മൂലധന നേട്ടം സമ്മാനിക്കാൻ വഴിയൊരുക്കുന്നു. ഈയാഴ്ച ബോണസ് ഇഷ്യൂവും സ്റ്റോക്ക് സ്പ്ലിറ്റും ഒരുമിച്ച് നടത്തുന്ന രണ്ട് കമ്പനികളും സ്മോൾ ക്യാപ് വിഭാഗത്തിൽ നിന്നുള്ളവയാണ്
കൈവശമുള്ള ഓഹരികളുടെ എണ്ണം താനേ ഉയരുമെന്ന് കേട്ടാൽ നിക്ഷേപകർക്ക് സന്തോഷമുള്ള ഒരു കാര്യമായിരിക്കും. രണ്ട് സ്മോൾ ക്യാപ് കമ്പനികളാണ് ഈ വ്യാപാര ആഴ്ചയിൽ ബോണസ് ഇഷ്യൂവും സ്റ്റോക്ക് സ്പ്ലിറ്റും ഒരേസമയം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപകർക്ക് അധിക ഓഹരികൾ സൗജന്യമായി നേടാനുള്ള വഴിയൊരുങ്ങുന്നു. ഒരേസമയം സ്റ്റോക്ക് സ്പ്ലിറ്റും ബോണസ് ഇഷ്യൂവും നടപ്പാക്കുന്നതിനാൽ ഒറ്റയടിക്ക് കൈവശമുള്ള ഓഹരികളുടെ എണ്ണം പലമടങ്ങായി ഉയരും. വിശദമായി നോക്കാം.
ഈയാഴ്ചയിൽ ബോണസും സ്റ്റോക്ക് സ്പ്ലിറ്റും ഒരേസമയം നടത്തുന്ന ഒരു ഓഹരിയാണ് ടൈൻ ആഗ്രോ ലിമിറ്റഡ് (BSE : 531205). ബോണസ് ഇഷ്യു 1:1 അനുപാതത്തിലും സ്റ്റോക്ക് സ്പ്ലിറ്റ് 10:1 അനുപാതത്തിലുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ബോണസ് ഇഷ്യൂവിന്റെ അനുപാതം അനുസരിച്ച്, കൈവശമുള്ള ഓരോ ടൈൻ ആഗ്രോ ഓഹരിക്കും വീതം സൗജന്യമായി ഒരു ബോണസ് ഷെയർ വീതം അധികമായി നിക്ഷേപകർക്ക് ലഭിക്കും. അതേസമയം എക്സ്-ബോണസ് തീയതി മാർച്ച് 18 ആണ്.