ഇപ്പോൾ വാങ്ങാവുന്ന 300 രൂപയിൽ താഴെയുള്ള രണ്ട് ടാറ്റ ഗ്രൂപ്പ് ഓഹരികൾ
ആഭ്യന്തര ഓഹരി വിപണിയിൽ പുതിയ വ്യാപാര ആഴ്ചയിലും പോസിറ്റീവ് ട്രെൻഡ് ആണ് പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടയിൽ വരുന്ന ഇന്ത്യയുടെയും യുഎസിന്റെയും പണപ്പെരുപ്പ നിരക്കുകൾ വിപണി ശ്രദ്ധിക്കും. ഇതിനോടൊപ്പം വരുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളിൽ നിന്നും അടുത്ത ഘട്ടത്തിലേക്കുള്ള സൂചനകൾ പിടിച്ചെടുക്കാൻ നിക്ഷേപകർ ശ്രമിക്കുമെന്നും മാർക്കറ്റ് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച പ്രധാന ഓഹരി സൂചികകൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എൻഎസ്ഇയുടെ നിഫ്റ്റി സൂചിക 22,700 – 22,750 നിലവാരത്തിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. പ്രധാനമായും ലാർജ് ക്യാപ് ഓഹരികൾ കേന്ദ്രീകരിക്കുന്ന മുന്നേറ്റമായിരിക്കുമെന്നും പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാളിന്റെ റീട്ടെയിൽ റിസർച്ച് തലവൻ സിദ്ധാർത്ഥ ഖേംക പറഞ്ഞു.
അഗ്രോകെമിക്കൽ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന 150 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് റാലീസ് ഇന്ത്യ (BSE : 500355, NSE : RALLIS). 288 രൂപയിൽ നിന്നും റാലീസ് ഇന്ത്യ ഓഹരി വാങ്ങാമെന്ന് ബൊണാൺസ പോർട്ട്ഫോളിയോയുടെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ദ്രുമിൽ വിത്ത്ലാനി നിർദേശിച്ചു. ഇവിടെ നിന്നും 305 രൂപയിലേക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നേറാൻ ഈ ടാറ്റ ഓഹരിക്ക് സാധിക്കുമെന്നാണ് അനുമാനം. ഇപ്പോൾ റാലീസ് ഇന്ത്യ ഓഹരി വാങ്ങുന്നവർ 280 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ടെക്നിക്കൽ അനലിസ്റ്റ് പറഞ്ഞു