ഇന്ത്യ തിളങ്ങുന്നു; മിന്നുമെന്ന് റേറ്റിങ് ഏജൻസികളും, പ്രതീക്ഷയോടെ വിപണി
ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച ഇന്ത്യയിൽ. മുന്നേറ്റം തുടരുമെന്ന് പ്രവചനങ്ങൾ. മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഉയർത്തി. 6.8 ശതമാനം ആയി ആണ് വളർച്ചാ അനുമാനം ഉയർത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തുടർച്ചയുണ്ടാകുന്നത് വിപണിക്ക് ഗുണകരമാകും എന്ന് സൂചനകൾ.
ജി20 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യയെന്ന് മൂഡിസ്. 2024-ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 6.8 ശതമാനം ആയി ഉയർത്തി. 2023-ൽ പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തിക വളർച്ചയുണ്ടായതിനാലാണ് വളർച്ചാ അനുമാനം ഉയർത്തുന്നത് . ഡിസംബർ പാദത്തിലെ കണക്കുകൾക്ക് ശേഷം ബാർക്ലേസും പ്രവചനത്തിൽ മാറ്റം വരുത്തിയിരുന്നു. 10 ബേസിസ് പോയിൻറാണ് പ്രവചനം ഉയർത്തിയത്. ഡിസംബർ പാദത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 8.4 ശതമാനമായി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂഡീസ് വളർച്ചാ അനുമാനം ഉയർത്തിയത്.
ജി-20 സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരും എന്ന് മൂഡീസ് പറയുന്നു. . 2025 ലെ വളർച്ച 6.4 ശതമാനമാകുമെന്നാണ് പ്രവചനം. സർക്കാരിൻ്റെ നടപടികളും മൂലധനച്ചെലവുകളും 2023 ലെ സാമ്പത്തിക വളർച്ച ഉയരാൻ കാരണമായെന്ന് മൂഡീസ് പറഞ്ഞു. മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.4 ശതമാനമായി ഉയർന്നത് അദ്ഭുതകരമായ നേട്ടമാണ്. 2024 സാമ്പത്തിക വർഷത്തിലെ വളർച്ച 7.6 ശതമാനമാണ്. ഡിസംബർ പാദത്തിലെ മുന്നേറ്റം 2024 മാർച്ച് പാദത്തിലും ഉണ്ടായെന്ന് റേറ്റിങ് ഏജൻസി ചൂണ്ടിക്കാട്ടുന്നു.. ജിഎസ്ടി വരുമാനം ഉയർന്നതും, വാഹന വിൽപ്പന, ഉപഭോക്തൃ മേഖലയിലെ മുന്നേറ്റം, മികച്ച വായ്പാ വളർച്ച തുടങ്ങിയവയെല്ലാം സാമ്പത്തിക വളർച്ച ഉയരാൻ കാരണമായി.