210 രൂപ വരെ മുന്നേറാവുന്ന 3 ബ്രേക്കൗട്ട് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ 30% ലാഭം നേടാം
ഓഹരികളുടെ ദിവസ, ആഴ്ച കാലയളവിലെ ചാർട്ടുകളിൽ ബ്രേക്കൗട്ട് കുതിപ്പിന്റെ സൂചന നൽകുന്ന പാറ്റേൺ പ്രകടമായിട്ടുണ്ട്. ഈ ഓഹരികളിൽ നിന്നും 30 ശതമാനം വരെ ലാഭം നേടാമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ ഓഹരികളിൽ സജ്ജീകരിക്കേണ്ട സ്റ്റോപ്പ് ലോസ് നിലവാരവും ലക്ഷ്യമിടുന്ന വിലനിലവാരവും അറിയാം.
ആഭ്യന്തര വിപണിയിൽ തിരുത്തൽ പ്രകടമായ വ്യാപാര ആഴ്ചയാണ് കടന്നുപോയത്. കോർപറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലം വിപണിയിൽ പ്രതിഫലിക്കുന്നതും വിദേശ നിക്ഷേപകർ സൃഷ്ടിക്കുന്ന വിൽപ്പന സമ്മർദവുമാണ് കാരണം. എന്നിരുന്നാലും വിപണിയിൽ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ആയതിനാൽ ഈയാഴ്ച ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികളുടെ വിശദാംശം ചുവടെ ചേർക്കുന്നു.
റെയിൻ ഇൻഡസ്ട്രീസ്
പെട്രോളിയം കോക്ക്, സിമന്റ് എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് റെയിൻ ഇൻഡസ്ട്രീസ് (BSE : 500339, NSE : RAIN). കഴിഞ്ഞയാഴ്ച 175.60 രൂപയിലായിരുന്നു ക്ലോസിങ്. ഇവിടെ നിന്നും 210 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാമെന്നാണ് ആനന്ദ് രാത്തി ഷെയേഴ്സിന്റെ മുതിർന്ന ഇക്വിറ്റി റിസർച്ച് മാനേജർ ജിഗർ പട്ടേൽ പറഞ്ഞു. ഇതിലൂടെ 20 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ റെയിൻ ഇൻഡസ്ട്രീസ് ഓഹരി വാങ്ങുന്നവർ 155 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ജിഗർ പട്ടേൽ വ്യക്തമാക്കി. ആഴ്ച കാലയളവിലുള്ള ചാർട്ടിൽ ബ്രേക്കൗട്ട് പാറ്റേൺ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഹാർമോണിക് ചാർട്ട് പാറ്റേണുകളിലൊന്നായ ഗാർട്ട്ലി പാറ്റേണും കാണാനാകും.
ഗ്രീവ്സ് കോട്ടൺ
വിവിധതരം എൻജിൻ നിർമാതാക്കളായ ഗ്രീവ്സ് കോട്ടൺ (BSE : 501455, NSE : GREAVESCOT). ഇതിന്റെ ഓഹരികൾ 165 രൂപയിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം നിർത്തിയിരുന്നത്. ഇവിടെ നിന്നും ഓഹരിയുടെ വില 200 രൂപയിലേക്ക് കുതിച്ചുയരാമെന്ന് ആനന്ദ് രാത്തി ഷെയേഴ്സിന്റെ മുതിർന്ന ഇക്വിറ്റി റിസർച്ച് മാനേജർ ജിഗർ പട്ടേൽ സൂചിപ്പിച്ചു. ഇതിലൂടെ 21 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഇപ്പോൾ ഗ്രീവ്സ് കോട്ടൺ ഓഹരി വാങ്ങുന്നവർ 143 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ജിഗർ പട്ടേൽ പറഞ്ഞു. ദിവസ കാലയളവിലുള്ള ചാർട്ടിൽ ബുള്ളിഷ് സൂചന പ്രകടമാണ്.
എൻബിസിസി
പൊതുമേഖല സ്ഥാപനമായ എൻബിസിസിയുടെ (BSE : 534309, NSE : NBCC) ഓഹരികൾ, 9 ശതമാനം നേട്ടത്തോടെ 115 രൂപയിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബ്രേക്കൗട്ട് കുതിപ്പ് നടത്തുന്ന ഈ മിഡ് ക്യാപ് ഓഹരിക്ക് 119 രൂപ നിലവാരം മറികടക്കാൻ സാധിച്ചാൽ 134 രൂപയിലേക്ക് മുന്നേറാമെന്ന് ലിവ്‍ലോങ് വെൽത്തിന്റെ ഡയറക്ടർ ഹരിപ്രസാദ് കിഴക്കേത്തറ സൂചിപ്പിച്ചു. 134 രൂപ നിലവാരവും മറികടക്കാൻ സാധിച്ചാൽ 154 രൂപയിലേക്ക് കുതിച്ചുയരാമെന്നും ഹരിപ്രസാദ് വ്യക്തമാക്കി. എൻബിസിസി ഓഹരിയിൽ നിന്നും ഹ്രസ്വകാലയളവിൽ 30 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.