ക്രൂഡോയിൽ വില രണ്ട് മാസത്തെ ഉയരത്തിൽ; ഇനി പെട്രോൾ നിരക്ക് വർധിക്കുമോ?

അന്താരാഷ്ട്ര വിപണിയിൽ പ്രധാന ക്രൂഡോയിൽ അടിസ്ഥാന സൂചികകൾ ഇക്കഴിഞ്ഞ നവംബറിന് ശേഷമുള്ള ഉയർന്ന നിലവാരത്തിൽ. കഴിഞ്ഞയാഴ്ച ആറ് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. വിവിധ സാമ്പത്തിക, ജിയോപൊളിറ്റിക്കൽ ഘടകങ്ങളാണ് നിർണായകമാകുന്നത്. ഈയൊരു പശ്ചാത്തലത്തിൽ പുതിയ വ്യാപാര ആഴ്ചയിൽ ക്രൂഡോയിൽ നിരക്ക് ഉയരുമോയെന്ന് വിലയിരുത്തുന്നു.

രാജ്യാന്തര വിപണിയിൽ രണ്ടു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഉയർന്ന നിലവാരത്തിലാണ് ക്രൂഡോയിൽ നിരക്കുകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ പ്രധാന ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ 6 ശതമാനത്തിലധികം വർധന കുറിച്ചു. ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ഡാറ്റ നോക്കിയാൽ, ലോങ് പൊസിഷനുകൾ കൂടുതലാണെന്ന് കാണാം. ഇതു ക്രൂഡോയിൽ വില ഇനിയും ഉയരുമെന്നതിൻ്റെ സൂചനയാണോ? ഈ വ്യാപാര ആഴ്ചയിൽ ക്രൂഡോയിൽ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ നോക്കാം.

അമേരിക്കൻ സമ്പദ്ഘടനയുടെ സ്വാധീനം

തുടർച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും ക്രൂഡോയിൽ വിലയിൽ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രധാന കാരണം, അമേരിക്കയിൽ നിന്നും പുറത്തുവന്ന മെച്ചപ്പെട്ട സാമ്പത്തിക ഡാറ്റകളാണ്. 2023ലെ അവസാന പദത്തിൽ വിപണി പൊതുവിൽ പ്രതീക്ഷിച്ചതിലും ഉയർന്ന നിലവാരത്തിൽ ജിഡിപി വളർച്ച രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പണപ്പെരുപ്പ നിരക്കുകൾ താരതമ്യേന താഴ്ന്ന നിലയിലായതും ഭാവിയിൽ ക്രൂഡോയിൽ ആവശ്യകത വർധിപ്പിക്കുമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുന്നു. അതേസമയം ജനുവരി 30ന് ചേരുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ, അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കുന്നത് സംബന്ധിച്ച സൂചനകൾ നൽകുന്നുണ്ടെങ്കിൽ ക്രൂഡോയിൽ വിപണിയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകമാകും.

പശ്ചിമേഷ്യയിലെ സംഘർഷം

ജിയോ പൊളിറ്റിക്കൽ റിസ്ക് ഘടകങ്ങൾ ക്രൂഡോയിൽ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷമാണ് മുഖ്യമായും ക്രൂഡോയിൽ വിപണി ഉറ്റുനോക്കുന്നത്. ഇറാൻ പിന്തുണയോടെ യെമനിൽ പ്രവർത്തിക്കുന്ന ഹൂതികൾ ചെങ്കടൽ പാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതാണ് തലവേദന സൃഷ്ടിക്കുന്നത്. ഇതിനോട് യുഎസ് സഖ്യസേനയുടെ പ്രതികരണവും ഇറാൻ അടക്കമുള്ള എതിർ ചേരിയുടെ അടുത്ത നീക്കങ്ങളും വിപണി സാകൂതം ശ്രദ്ധിക്കും. അതുപോലെ റഷ്യ – യുക്രൈൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതും പ്രതികൂല ഘടകമാണ്.

ചൈനയുടെ സാമ്പത്തികരംഗം

ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതിക്കാരായ ചൈനയിൽ, അടുത്തിടെ നടത്തിയ സാമ്പത്തിക ഉത്തേജന നടപടികൾ വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കൂടുതൽ പണം ബാങ്കിങ് സംവിധാനത്തിലേക്ക് ഒഴുക്കാൻ തയ്യാറായത്, സമ്പദ്ഘടനയെ വളർച്ചയിലേക്ക് നയിക്കാനുള്ള പ്രതിജ്ഞാബദ്ധതയായി വിലയിരുത്താം. ഇത്തരം നടപടികൾ വാണിജ്യ റിയൽ എസ്റ്റേറ്റ് രംഗത്തെ പിന്തുണയ്ക്കുമെന്നും ഇവയൊക്കെ ഭാവിയിൽ ക്രൂഡോയിൽ ഡിമാൻഡ് വർധിപ്പിക്കാമെന്നുമുള്ള പ്രതീക്ഷ നൽകുന്നു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More