ഒടുവിൽ സിസിഐയുടെ വിധിക്ക് വഴങ്ങി ഗൂഗിൾ, പിഴ ചുമത്തിയ തുക പൂർണമായും അടച്ചു
നിയമ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ പിഴ പൂർണമായും അടച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, 1,337.76 കോടി രൂപയാണ് ഗൂഗിൾ പിഴ ഇനത്തിൽ അടച്ചത്. ഉത്തരവ് പുറപ്പെടുവിച്ച് ഏകദേശം ആറ് മാസത്തിനു ശേഷമാണ് ഗൂഗിൾ പിഴ അടച്ചിരിക്കുന്നത്. അതേസമയം, സിസിഐയുടെ നടപടിക്കെതിരെ നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) ഗൂഗിൾ സമീപിച്ചിരുന്നു. എന്നാൽ, വിധി പ്രതികൂലമായതോടെയാണ് 30 ദിവസത്തിനുള്ളിൽ തന്നെ പിഴ അടയ്ക്കാൻ എൻസിഎൽഎടി നിർദ്ദേശിച്ചത്.
ആൻഡ്രോയ്ഡ് സിസ്റ്റത്തിലെ നിയമവിരുദ്ധമായ വ്യാപാര രീതികൾ അവലംബിച്ചതിനെ തുടർന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് സിസ്റ്റങ്ങളിൽ ഗൂഗിൾ കൂടുതൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന തരത്തിലുള്ള പരാതികൾ ലഭിച്ചതോടെ സിസിഐ നടപടി ശക്തമാക്കുകയായിരുന്നു. 2022 ഒക്ടോബറിലാണ് സിസിഐ പിഴ ചുമത്തിയത്. സിസിഐയുടെ ഉത്തരവിനെതിരെ ഗൂഗിൾ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.